Friday, March 16, 2007

കൊടുത്തു കരണം നോക്കി ഒരെണ്ണം... എന്നിട്ടോ????

ജീവിതം കൌമാരതീക്ഷ്ണവും ഹൃദയം ചാപല്യസുരഭിലവുമായിരിക്കുന്ന അസുലഭകാലഘട്ടം.
ഇല അനങ്ങണ ശബ്ദം കേട്ട് ആണൊരുത്തന് തിരിഞ്ഞു നോക്കിയാലും.."ഹൊ! ഇവന്മാര്ക്കൊന്നും വീട്ടില് അമ്മയും പെങ്ങന്മാരുമില്ലേ??? ഈ വായ്നോക്കികളെകൊണ്ടു തോറ്റു. സൌന്ദര്യം ഒരു ശാപം തന്നെ!!!!" എന്നൊക്കെ മനസ്സില് പറഞ്ഞ് നെഗളിച്ചു നടക്കുന്ന കാലം.
യെസ്... ഞാന് അന്ന് പത്താം ക്ലാസ്സില് പഠിക്കുന്നു... അതും സിസ്റ്റര്മാര് നടത്തുന്ന കോണ്‍വന്റ് സ്കൂളില്. ആകെയുണ്ടായിരുന്ന അഞ്ചാറ് ആണ് തരികളേയും ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള് അവിടുന്ന് പറപ്പിച്ചു.

അങ്ങനെ ജീവിതം ഡ്രൈ ആയി പോയ്ക്കോണ്ടിരിക്കുമ്പോള് അതാ വരുന്നു ഓണപ്പരീക്ഷയുടെ മാര്‍ക്കുകള്.
കൊള്ളാം!!! കണക്കിന് അമ്പതില് ഇരുപത്തിച്ചില്ലാനം. കഷ്ടി പാസ്സ്. വീട്ടില് ആകെ ചര്‍ച്ചയായി. ദൈവമേ കണക്ക് ഈ കണക്കിലായാല് എന്താവും നമ്മുടെ കുടുംബത്തിന്റെ റാങ്ക് പ്രതീക്ഷ. അങ്ങനെ കൂലങ്കഷമായി ചിന്തിച്ചതിനു ഫലമായി റാങ്ക് തിരിച്ചു പിടിക്കാന് അമ്മ ഒരു പോംവഴി കണ്ടെത്തി. കണക്കിന് ട്യൂഷനു വിടുക! അതും സ്ഥലത്തെ ഏറ്റവും പേരെടുത്ത കണക്കുടീച്ചറുടെ അടുത്തു തന്നെ.

വൈകുന്നേരം സ്കൂള് വിട്ടു വന്ന്, എംടിവി സെലെക്റ്റും, ബക്ക്രയും ഒക്കെ കണ്ട് ആര്മാദിച്ചു നടന്നിരുന്ന എനിക്ക് ആദ്യം ഈ ട്യൂഷന് ഒരു വയറ്റത്തടിയായി അനുഭവപ്പെട്ടെങ്കിലും, ട്യൂഷന് ക്ലാസ്സില് ഒരു തവണ പോയതോടെ അതൊരു വയറ്റില് പൂമ്പാറ്റകള് പറക്കലായി രൂപാന്തരപ്പെട്ടു. (butterflies in stomach).
ഹായ്, ഏരിയയിലെ 'പൂവന്സ് ഒണ്ലി' ആന്റ് സങ്കര സ്കൂളുകളിലെ കൊള്ളാവുന്ന കുറേ പൂവന്സ് അവിടെ അതാ ഇരുന്ന് കണക്ക് ചെയ്യുന്നു. ട്യൂഷനു ചേരാന് എനിക്ക് നൂറുവട്ടം സമ്മതം. :)
(എന്റെ സമ്മതത്തിന് അവിടെ വല്യ പ്രസക്തിയൊന്നുമില്ല. റാങ്ക് കളയാന് മാതാജി തയ്യാറല്ലല്ലോ!!!)

അങ്ങനെ ഞാനവിടെ കണക്കു പഠിക്കാനെന്നും പറഞ്ഞ് പോയി തുടങ്ങി. അപ്പോളതാ അടുത്ത പാര. എന്റൊപ്പം കണക്കു പഠിക്കാന്, എന്റെ സ്കൂളില് തന്നെ പഠിക്കുന്ന എന്റെ അയല്‍വാസിയും കൂട്ടുകാരിയുമായ ഒരുത്തിക്കു കൂടി ഇന്ററെസ്റ്റ്. അവളെ ഒഴിവാക്കാന് നിവൃത്തിയില്ലാഞ്ഞതുകാരണം ഞങ്ങളൊരുമിച്ചായി ട്യൂഷന് യാത്ര.

ഒള്ളതു ഒള്ളതു പോലെ പറയണമല്ലോ. ആത്മപ്രശംസയല്ലാട്ടോ...അവളുടെ കൂടെ ഞാന് നടന്നാല് വടക്കു നോക്കിയന്ത്രത്തില് ശ്രീനിവാസന്റേയും പാര്‍വതിയുടേയും പടം കണ്ട് ഇന്നസന്റ് പറഞ്ഞപോലെ "നിലവിളക്കിന്റെയടുത്ത് കരിവിളക്ക്" എന്ന അവ്സ്ഥയാണ്. സംശയിക്കണ്ടാ... കരിവിളക്ക് ഈയുള്ളവള് തന്നെ.

ആശാത്തി സ്ഥലത്തെ ഒരു ഗ്ലാമര് താരമാണ്. ഒരു കൊച്ചു സുന്ദരി. പനങ്കുലപോലെ കിടക്കുന്ന കാര്‍ക്കൂന്തല്. സ്കൂളിലേക്ക് രണ്ട് വശവും പിന്നിയിട്ടു പോകുന്ന അവള് ട്യൂഷനുപോകാന് നേരം അതഴിച്ചിടാന് പ്രത്യേകം ശ്രദ്ധിക്കാറുള്ളത് ഞാന് നോട്ട് ചെയ്തിട്ടുണ്ട്. നല്ല വിടര്ന്ന മഷിയെഴുതിയ കണ്ണുകള്, വെയിലേറ്റ് കരുവാളിക്കാത്ത നല്ല പൌഡറിട്ടു മിനുക്കിയ മുഖം, നെറ്റിയില് ഒരു പൊട്ടും കൂടെ ഒരു കുറിയും.
ഞാനാണേലോ, തോളൊപ്പം വെട്ടിയ എണ്ണതൊടാത്ത മുടി, അതു കെട്ടി വെയ്ക്കണേലും എളുപ്പം അഴിച്ചിടലായതു കാരണം അങ്ങനെ പറപ്പിച്ചുവിട്ടുള്ള നടത്തം. കണ്മഷി, പൌഡര്, പൊട്ട് എന്നിവയോടൊക്കെ ഇന്നുള്ളതുപോലെ തന്നെ വിരോധം. അങ്ങനെ എന്റെ പിതാശ്രീയുടെ ഭാഷയില് പറഞ്ഞാല്, ആ ഏരിയയില് പാട്ടപെറുകി നടക്കാറുള്ള പാണ്ടിപ്പെണ്ണുങ്ങള്ക്ക് എന്നേക്കാള് ഗ്ലാമര്!!!

അങ്ങനെ അവളും, അവള്ക്ക് കണ്ണുകിട്ടാതിരിക്കാന് എന്ന പോലെ ഞാനും ട്യൂഷനുപോക്ക് ആരംഭിച്ചു. ട്യൂഷനു പോകാന് രണ്ട് വഴിയുണ്ട്. ഒന്ന് മെയിന് റോഡില് കൂടി വളഞ്ഞു ചുറ്റി. മറ്റേത്, 2 വീടുകളുടെ മതിലുകള്ക്കിടയിലുള്ള ഒരു കുഞ്ഞു ഇടവഴി. ഈ കുഞ്ഞു ഇടവഴിയില് കൂടിപോയാല് ഏതാണ്ട് പത്തുമിനിട്ടോളം ലാഭിക്കാം. അതോണ്ട് യാത്ര ഈ വഴി തന്നെ.
അങ്ങനെ ആഴ്ച ഒന്നു കഴിഞ്ഞപ്പോള് അതാ ഞങ്ങളുടെ ഈ വഴിയില് നില്ക്കുന്നു ഒരു സുന്ദരകളേബരന്. ഞാനവനെ 'ഹെര്ക്കുലീസ്' എന്നു വിളിക്കാന് കാരണം അവന്റെ ലുക്കൊന്നുമല്ലാ കേട്ടോ... മൂപ്പരുടെ കൂടെ എപ്പോഴും 'ലുട്ടാപ്പിക്കു കുന്തം' എന്നപോലെ ഒരു പാട്ട ഹെര്ക്കുലീസ് സൈക്കിള് ഉണ്ടായിരുന്നതു കൊണ്ടാണ്. ഞങ്ങള് പോകുമ്പോള് അങ്ങേരവിടെ നിന്ന് ചില മധുമൊഴികള് പൊഴിക്കും...
"ഏയ്.... ഒന്നു നില്ക്കാവോ? എന്താടോ ഒരു മൈന്ഡുമില്ലാത്തെ, പേരൊന്നു പറഞ്ഞിട്ടുപോടോ..."
ഇതൊക്കെ പഞ്ചാമൃതത്തിലിട്ടു കുതിര്ത്തിയിട്ടാണ് ഇറക്കുക. സംഭവം ഇതൊക്കെ സുന്ദരിയെയാണ് എന്നറിയാമെങ്കിലും പേരെടുത്തു വിളിക്കാത്തതു കാരണം ഞാനും ചുമ്മാ അങ്ങു നെഗളിക്കും. അല്ലാ.. അതിനിപ്പോള് എന്താ ചേതമെന്നേ. അവള്ക്കു വേണ്ടി ഇടയ്ക്ക് ഒന്നു കണ്ണുതൂര്പ്പിച്ചു നോക്കുകയും ചെയ്യും. അവനാകട്ടെ..." ഈ പെങ്കൊച്ചിനിതെന്തുവാ.. ഇവളെ ഇതാരു മൈന്ഡ് ചെയ്തു" എന്നമട്ടില് തിരിച്ചൊരു പുച്ഛനോട്ടവും. പക്ഷെ അതിലൊന്നും ഞാന് കുലുങ്ങിയില്ല.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള് എന്റെ കൂട്ടുകാരി സുന്ദരിക്ക് ഒരു പനി. അവളന്നു വൈകുന്നേരം ട്യൂഷനു വന്നില്ല. ഞാന് ഒറ്റയ്ക്കായി യാത്ര. ട്യൂഷന് കഴിഞ്ഞു തിരിച്ചു വരുമ്പോള് പതിവുപോലെ ദാ നില്ക്കുന്നു വായ്നോക്കി ഹെര്ക്കുലീസ്. ഞാന് മുഖത്തെ നെഗളിപ്പു ഭാവം അല്പം പോലും കുറയ്കാതെ സ്റ്റൈലായിട്ടു നടന്നു.
അവന്റെ മുന്നിലെത്തിയപ്പോള് പതിവിനു വിപരീതമായി "ഷുഗര്ഫ്രീ" ഡയലോഗ്സ്.
"ഡോ... തന്റെ കൂട്ടുകാരിയെന്തിയേ? ആ കുട്ടിക്കെന്തു പറ്റി? തന്നോടല്ലേ ചോദിക്കുന്നേ?"

എന്നേയും, എന്റെ പ്രായത്തേയും, എന്റെ നേരത്തെ പറഞ്ഞ സൌന്ദര്യത്തേയും അല്പം പോലും ബഹുമാനിക്കാത്ത ആ ചോദ്യങ്ങള്ക്കു മുന്നില് എന്റെ അഭിമാനം സടകുടഞ്ഞെണീറ്റു. ഞാന് തലപൊക്കി നല്ല അന്തസ്സായിട്ടു പറഞ്ഞു.... "പറയാനെനിക്കു സൌകര്യമില്ല"
മുന്നോട്ട് നടക്കാന് ഭാവിച്ച എന്റെ മുന്നില് ദാ അവന് അവന്റെ ആക്രിസൈക്കിളെടുത്തു വെച്ചേക്കുന്നു.
"എന്നാല് മോള് സൌകര്യമുണ്ടാക്കിയേച്ചും പോയാല് മതി. ആ കുട്ടിയുടെ പേരും, ഫോണ്നമ്പറും തരാതെ നിന്നെ ഞാന് ഇവിടുന്ന് വിടില്ല കൊച്ചേ."
ദൈവമേ... മിണ്ടാതെ അങ്ങു പോയ്യേച്ചാല് മതിയാരുന്നു. ഇതിപ്പോള് പെട്ടല്ലോ. എങ്കിലും ഞാന് സകല ധൈര്യവും സംഭരിച്ചു പറഞ്ഞു.
" സൈക്കിളെടുത്തു മാറ്റ്. എനിക്കു പോണം."
"ഇന്നു നീ പോണ്ട. ഇവിടെ നിന്നോ. ഞാന് ചോദിച്ചേന്റെ സമാധാനം പറയാതെ നിന്നെ ഇന്നു വിടുന്നില്ല."
നേരമാണേല് ഇരുട്ടി തുടങ്ങുന്നു. ആ വഴിക്കെങ്ങും ഒരു കുഞ്ഞു പോലുമില്ല. മുന്നില് അങ്ങനെ നില്ക്കുവാണ് മീശകുരുത്തു തുടങ്ങിയ പ്രീഡിഗ്രീകാരന് ആണൊരുത്തന്.
എങ്കിലും എന്റ്റ്റെ അഭിമാനം! വീണ്ടും ഞാന് ഗൌരവത്തില്....
"സൈക്കിള് മാറ്റുന്നോ ഇല്ലയോ?"
"ഇല്ലാ... നീ യെന്തു ചെയ്യും???"
"കാലില് ചെരിപ്പാ കിടക്കുന്നേ... മാറ്റിക്കോ വേഗം സൈക്കിള് " (സിനിമകള് മുറയ്ക്ക് കാണുന്ന കാരണം ഡയലോഗ്സിനു യാതൊരു പഞ്ഞമില്ല.)
"ആഹാ... എങ്കില് നീ ചെരിപ്പൊന്നു ഊരിക്കേ... അത്ര ചുണയുണ്ടേല് അതൊന്നു കാണട്ടെ."

(ഇനിയുള്ളത് സ്ലോമോഷനില് വേണം കാണാന്)
എന്നിലതാ വിജയശാന്തിയുടെ ബാധകേറുന്നു. ഞാന് കുനിഞ്ഞ് കാലില് കിടക്കുന്ന പ്ലാസ്റ്റിക് സ്ലിപ്പോണ് ഊരി കൊടുത്തു ഹെര്ക്കുലീസിന്റെ കരണം നോക്കി ഒരെണ്ണം!!!
എന്നെ സമ്മതിക്കണം.... ഇപ്പോഴും ആ രംഗം ഓറ്ക്കുമ്പോള് കുളിരു കോരും. എന്റെ അടി വാങ്ങി മുഖം പൊത്തി അന്തിച്ചു നില്ക്കുന്ന ഹെര്ക്കുലീസ്. ഹൊ.... വെല്ഡണ് മൈ ഡിയര് ഗേള് വെല്ഡണ്!!! യു റിയലി ആര് വണ് ഉണ്ണിയാര്‍ച്ച !!!
:
:
:
:
:
:
:
ഇനിയുള്ളത് ഫാസ്റ്റ് ഫോര് വേഡ് ചെയ്തോ....
എന്റെ മനസ്സാക്ഷിയെ ബോധിപ്പിക്കാനായിട്ട് എഴുതുന്നു എന്നു മാത്രം.
അടികൊടുത്തതും ബാധയൊഴിഞ്ഞു. വിജയശാന്തിയില്ലാതെ ഞാന് ദാ ഒറ്റയ്ക്ക്. എന്റമ്മോ..... അവന്റെ സൈക്കിളും തള്ളിമാറ്റി ഞാന് ജീവനും കൊണ്ട് ഒരോട്ടം. ഓടുന്നതിനിടയില് അവന് വിളിച്ചു പറഞ്ഞത് വളരെ വ്യക്തമായി തന്നെ കേട്ടു...
"ഡീ...#%%$^%&^&%$#%$^%#@@%$ (ഇതെന്താന്നു അന്നു മനസ്സിലായില്ലാ...ഭാഗ്യം!) നിനക്കു ഞാന് വെച്ചിട്ടുണ്ടെടീ.. ഈ ആലുവയില് തന്നെ കാണുമല്ലോ നീ... പന്ന#$$^%^&^&^$%^#!!!!!"

വീടെത്തി എന്റെ മുറിയില് കേറി വാതിലടച്ചിരുന്നിട്ടും പിന്നില് "ഹെര്ക്കുലീസ്" സൈക്കിളില് മണിയടിച്ചു തെറിവിളിയോടേ വരുന്നതു ഞാന് കണ്ടു... അന്നും... അതിനു ശേഷമുള്ള ഒരുപാട് ദിവസങ്ങളിലും...


------


തുടര്‍ന്ന് ഉണ്ണിയാര്‍ച്ചയില് വന്നു ചേര്‍ന്ന മാറ്റങ്ങള്!
  • ആ ഇടവഴി അതിനുശേഷം ഇന്നുവരെ കണ്ടിട്ടില്ല.
  • ഒരാഴ്ച ട്യൂഷനു പോയില്ല. (ഒടുവില് ട്യൂഷനുപോകണമെങ്കില് ഓട്ടോയ്ക്കുള്ള പൈസ തരണമെന്ന് വീട്ടില് വാശിപിടിച്ച് ഓട്ടോയില് മെയിന് റോഡിലൂടേ മാത്രമാക്കി യാത്ര. )
  • ആലുവയില് വല്ല നിവൃത്തിയുമുണ്ടേല് ഇറങ്ങില്ല. (ഇറങ്ങണമെങ്കില് അച്ഛന് കാറെടുക്കണം. എങ്കില് തന്നെ പിന്നിലത്തെ സീറ്റില് ചില്ലു പൊക്കിയിട്ട് കുനിഞ്ഞിരുന്നായി യാത്ര.)
  • സിനിമക്കൊ മറ്റോ പുറത്തുപോയാല് അമ്മയുടെ സാരിത്തുമ്പില് മുഖം മറച്ചു നടക്കാന് പ്രത്യേകം ശ്രദ്ധിച്ചു.
  • കാണുന്ന പയ്യന്മാരിലെല്ലാം ഹെര്‍ക്കുലീസിനെ കണ്ടുതുടങ്ങി.

ഓഫ് ടോപിക്:
ഹെര്‍ക്കുലീസേ, താങ്ങളെങ്ങാനും ഈ ബ്ലോഗ് വായിക്കുവാണേല്... മുഖത്തിനു കേടുപാടുകളെന്തെങ്കിലും സംഭവിച്ചോ എന്നൊന്നു കമന്റിടണേ...(പ്ലാസ്റ്റിക് ചെരുപ്പോണ്ട് കൈ വീശി ഒരെണ്ണം മോന്തയ്ക്ക് കിട്ടിയാല് എന്തായിരിക്കും സംഭവിക്കുക???) സംഭവിച്ചെങ്കില്.. അതിനു കാരണം താങ്ങളുടെ കയ്യിലിരിപ്പു മാത്രമാകുന്നു!!!
ദാറ്റ്സ് ഓള് യുവര് ഓണര്!!!

112 comments:

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഹ ഹ ഹ ...അതു കലക്കി.... പാവം ഹെര്‍ക്കുലീസ് ( പുള്ളിക്കാവും സപ്പോര്‍ട്ടെന്നു തോന്നുന്നു, അല്ലേ മാറ്റിപറയാം ...പാവം ഉണ്ണിയാര്‍ച്ച എന്ന്.. ) ...
എബൊട്ട് മി - മാറ്റി എഴുതേണ്ട സമയം ആയി എന്നു തോന്നുന്നു “ കഥയില്ലാത്ത ജന്മം“ എന്നതേ...

എന്റെ ബ്ലോഗ് പരമ്പര ദൈവങ്ങളേ.... പിന്മൊഴിക്കാവിലമ്മേ...ഞാന്‍ ഇതാ ഈ പോസ്റ്റില്‍ ആദ്യ കമന്റിടുന്നു...കാത്തോളണേ...

ഓഫ് : എന്നിട്ട് ഉണ്ണിയാര്‍ച്ച പത്ത് പാസായാ.... ? ഐ മീന്‍ മാത്ത്സ് ...

മയൂര said...

"ഡീ...#%%$^%&^&%$#%$^%#@@%$ (ഇതെന്താന്നു അന്നു മനസ്സിലായില്ലാ...ഭാഗ്യം!) നിനക്കു ഞാന് വെച്ചിട്ടുണ്ടെടീ.. ഈ ആലുവയില് തന്നെ കാണുമല്ലോ നീ... പന്ന#$$^%^&^&^$%^#!!!!!"

ഇതു സ്ലോമോഷനില് വയിച്ചിട്ടും കത്തീല ഞാന്‍ റീവൈഡ് ചെയട്ടെ;)

എന്റെ കരാട്ടെ ഗുരുക്കളെ...കിടിലമായിട്ടുണ്ട്.ഉണ്ണിയാര്‍ച്ചയില് വന്നു ചേര്‍ന്ന മാറ്റങ്ങള് പിന്നെ മാറിയോ;)??

അംന : amna said...

നല്ല ഭാവന...ചുമ്മാ പുളുവടിക്കാതെ. മാഷെ...അങ്ങിനെയൊരടി കിട്ടിയിരുന്നെങ്കില്‍ അവിടെ പ്രണയം മൊട്ടിട്ടു കാണും.

പച്ചാളം : pachalam said...

പ്ലാസ്റ്റിക് ചെരുപ്പ് നിരോധിക്കണം.
അതിന് നിയമം കൊണ്ട് വരണം. അല്ലാതെ ശരിയാവില്ല. :)

ദിവ (diva) said...

ഹ ഹ അതു കലക്കി ചേച്ചീ. ഇത്തരം വിരുതന്മാരെ ഇങ്ങനെ തന്നെ വേണം . വഴി തടയാന്‍ നോക്കുന്നോ ? ആഹാ !

ആ തന്റേടം എനിക്കിഷ്ടപ്പെട്ടു. കള്ളപ്പേരില്‍ ഓണ്-ലൈനില്‍ കമന്റടിക്കുന്നതിന്റെ എത്രയോ ഇരട്ടി ധൈര്യമ്. നേരെ മുന്നില്‍ ലൈവായി കാണുന്നവനെപ്പോലും വേണ്ടിവന്നാല്‍ ഒന്ന് പൊട്ടിക്കാനുള്ള ധൈര്യം . ഇതാണ്‍ ധൈര്യം

Please keep writing

:)

വക്കാരിമഷ്‌ടാ said...

പ്ലാസ്റ്റിക് ചെരുപ്പുകൊണ്ട് മോന്തയ്ക്കടികിട്ടിയാല്‍ എന്ത് സംഭവിക്കുമെന്നല്ലേ...

അന്‍‌വറേ, ഒന്ന് പറഞ്ഞ് കൊടുക്കുമോ.

(തല്ലരുത്, തല്ലരുത്, പ്ലാസ്റ്റിക് ചെരുപ്പില്ല എന്ന് പറഞ്ഞ് ഷൂസൂരിയും തല്ലരുത്. പതാലി സ്റ്റൈലില്‍ ഒന്ന് വിരട്ടിവിട്ടാല്‍ മതി) :)

വിശ്വപ്രഭ viswaprabha said...

നല്ല അസ്സലു മിടുക്കത്തി! അങ്ങനെ തന്നെ‍ വേണമായിരുന്നു!

പക്ഷേ ഓടേണ്ടിയിരുന്നില്ലാന്നു തോന്നുന്നു. നാം ഓടുമ്പോഴാ തെരുവുനായ്ക്കള്‍ക്കൊക്കെ ധൈര്യം കൂടുന്നതെന്നു കേട്ടിട്ടുണ്ട്.

നാട്ടിലെ കുഞ്ഞനിയത്തിമാരേ, ഇതൊക്കെ കേട്ടുപഠിക്ക്‌!

കരീം മാഷ്‌ said...

നല്ല ഭാവന (വിജയ ശാന്തിയും)
ഉഗ്രന്‍ എഴുത്തു, വീണ്ടും കാത്തിരിക്കുന്നു.

ദേവരാഗം said...

ഹമ്മോ! പഴേ വെള്ളമടിയെക്കാള്‍ വല്യ അടിയായിപ്പോയി ഇത്‌!

എടുത്ത കൈക്ക്‌ പൊട്ടിക്കുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്കും- ജാസ്മിന്‍. ഇക്കത്ഥ വായിച്ച്‌ കുറേനേരം അവളെ ഓര്‍ത്തുപോയി. രണ്ടു കോളേജിലായിരുന്നെങ്കിലും ഒരു സ്റ്റോപ്പില്‍ നിന്നും ഒന്നിച്ചാണ്‌ ഞങ്ങള്‍ ബസ്സില്‍ പോയിരുന്നത്‌.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വന്ന ബസ്സ്‌ വേറൊന്നിനോട്‌ മത്സരിച്ചോടിത്തകര്‍ക്കുകയായിരുന്നു. ആള്‍ ഇറങ്ങണമെന്നു പറഞ്ഞിട്ട്‌ കണ്ട്രാവിക്ക്‌ ഒരു മൈന്‍ഡുമില്ല, കലി കേറി ഞാന്‍ ഒരു കിണി അങ്ങ്‌ അടിച്ചു. തന്റെ അധികാരത്തില്‍ കൈ കടത്തിയത്‌ കണ്ടക്ടറേമാനു പിടിക്കുമോ, അയാള്‍ വേഗം രണ്ട്‌ മണിയടിച്ചു. ബസ്സ്‌ വേഗത കൂട്ടി.

ഒടക്കണോ? ബസ്സിനു നാലു ജീവനക്കാരില്ലേ, ഇവന്‍ ഒരുത്തനാണെങ്കിലും ഒരു തടിയനല്ലേ, തല്ലിയാല്‍ തോറ്റാലോ നാണക്കേടായില്ലേ, എനിക്ക്‌ ആകെ കണ്‍ഫ്യൂഷ്യതാ മൂഢതാ. അങ്ങനെ ഒരു സെക്കന്‍ഡ്‌ കഴിഞ്ഞപ്പോള്‍ ജാസ്മിന്‍ കേറി ഒരു കിണീ. രണ്ടടിക്കാന്‍ കണ്ട്രാക്ക്‌ കൈ പൊക്കിയതും അവള്‍ കേറി അയാളുടെ കൈക്കങ്ങ്‌ പിടിച്ചു "നിര്‍ത്തെടോ വണ്ടി."

വണ്ടി തനിയേ നിന്നു. ഞങ്ങളിറങ്ങി. ജാസ്മിന്‍ അഞ്ഞൂറാന്‍ സ്റ്റൈലില്‍ ബസ്സിലേക്ക്‌ നോക്കി "ഹൂം.." എന്ന് നീട്ടി മൂളി നടന്നങ്ങു പോയി. അവളുടെ സംരക്ഷണം തരുന്ന മഹാചമ്മലുള്ള സുരക്ഷിതത്വബോധം അനുഭവിച്ച്‌ ഞാനും നമ്രതാ ശിരോദ്കര്‍ ആയി പിന്നാലെ നടന്നു.

ഓ.ടോ.
കഥ എഴുതിയപ്പോള്‍ വില്ലനു ഹെര്‍ക്കുലീസ്‌ എന്നു
പേരു വന്നത്‌ സൈക്കിള്‍ കാരണമാണെന്നും ആളിന്റെ ബോഡി കണ്ടിട്ടല്ലെന്നും പ്രത്യേകം പറഞ്ഞതിനു വളരെ നന്ദി. അല്ലെങ്കില്‍ ആളുകള്‍ വേറുതേ എന്നെയോ പച്ചാളത്തിനെയോ സംശയിച്ചേനേ.

Inji Pennu said...

ഞാന്‍ ഫാനായി പ്രതിഭേ! സത്യമയിട്ടും. എനിക്കങ്ങിനെ കൊടുക്കണമെന്ന് മനസ്സില്‍ ഒരുപാട് തവണ തോന്നിയിട്ടുണ്ടെങ്കിലും ഞാന്‍ എന്റെ കൈകൊണ്ട് ഇതുപോലെ വേഷംകെട്ട് കാണിക്കുന്ന ഒരുത്തനിട്ട് പൊട്ടിക്കാന്‍, അതിനുള്ള ആ ഒരു ധൈര്യം ഇന്നേവരെ ഈ പ്രായത്തിലും കിട്ടീട്ടില്ല. അടുത്ത തവണ പ്രതിഭയെ ധ്യാനിക്കുന്നതായിരിക്കും..! മിടുക്കി! ഫാനായി ഞാന്‍!

ഇതൊരു റിഫറന്‍സ് പോസ്റ്റായിട്ട് വെക്കണം എനിക്ക് ഇടക്കിടക്ക് എടുത്ത് വായിക്കാന്‍...

ആരാധനയോടെ..

Satheesh :: സതീഷ് said...

അപാരം!
ഇങ്ങിനെയുള്ള പെമ്പിള്ളേരുണ്ടല്ലേ ഈ ലോകത്ത്! സമ്മതിച്ചു തന്നിരിക്കുന്നു!


ഓടോ: വക്കാരിയുടെ താങ്ങ് ഇഷ്ടപ്പെട്ടൂ!! അന്‌വറേ, തിരിച്ചടീ :-)

ഇത്തിരിവെട്ടം|Ithiri said...

പ്രതിഭാസമേ നല്ല കഥ. നല്ല വിവരണം. ഞാനും കണ്ടിട്ടുണ്ട് ഇത്തരം ഒരു സംഭവം.

ഒരിക്കല്‍ ബസില്‍ യാത്രചെയ്യുമ്പോള്‍ ഒരു സ്ത്രീ ചെരിപ്പൂരി തൊട്ടടുത്ത് നില്‍ക്കുന്നവന്റെ മുഖത്ത് ആഞ്ഞടിച്ചു. ഒരു നിമിഷം ബസ്സ് മുഴുവന്‍ നിശ്ശബ്ദത. പക്ഷേ ആരും (അടി കിട്ടിയവനടക്കം) ആരും അന്വേഷിച്ചില്ല എന്തിനാ പുള്ളിയെ അടിച്ചതെന്ന്. അവര്‍ പറഞ്ഞതുമില്ല. അടുത്ത ബസ്സ് സ്റ്റോപ്പ് വന്നപ്പോള്‍ പുള്ളി പതിയെ അവിടെ ഇറങ്ങി. ഇത്തരം കുറച്ചാളുണ്ടെങ്കില്‍ നാട്ടിലെ കുറേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ദേവേട്ടാ... ഉവ്വ് ഉവ്വേ...

പടിപ്പുര said...

പണ്ട്‌ വടകരയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള ബസ്സ്‌ യാത്രയില്‍ ഇതുപോലൊരുണ്ണിയാര്‍ച്ച ഒരുത്തനെ ചെരുപ്പുകൊണ്ട്‌ പൂശുന്നത്‌ നേരില്‍ കണ്ടതില്‍ പിന്നെ പെണ്ണുങ്ങള്‍ കുനിയുന്നത്‌ കാണുമ്പോള്‍ തന്നെ എനിക്ക്‌ പേടിയാണ്‌.

Haree | ഹരീ said...

ഹ ഹ ഹ... ബാധകേറിയൊഴിഞ്ഞ രംഗമങ്ങിനെ മനസില്‍ കാണുകയായിരുന്നു... ഏതായാലും പുള്ളിയിലുടനെ അം‌രീഷ് പുരിയുടെയൊന്നും ബാധ കേറാഞ്ഞത് നന്നായി... ഹെന്റമ്മേ... എങ്കിലെന്തായേനേ അവിടെ സംഭവിക്കുക...
ബാക്കി സസ്പെന്‍സാണല്ലോ!
ശരിക്കും ആ പയ്യന്‍ പിന്നെ തേടി വന്നില്ലേ? ഓട്ടോയില്‍ സുന്ദരിയേയും കൂട്ടിയോ അതോ ഒറ്റയ്ക്കായിരുന്നോ?

ഏതായാലും ആരും കാണാതിരുന്നതു നന്നായി, ഇതൊക്കെ ആരെങ്കിലും കണ്ടാലേയുള്ളൂ പ്രശ്നം, പ്രതികാര ദാഹവുമൊക്കെ അപ്പോഴാ തോന്നുന്നത്, ഇതിപ്പോള്‍ ആരും കാണാത്തതുകൊണ്ട് ആ തെറിവിളിയിലേ ദാഹമൊക്കെ തീ‍ര്‍ന്നു കാണണം.
--

juliaronet said...

ദൈവമേ..................... ചിരിച്ചു ചിരിച്ച് എനിക്ക് വയ്യായേ................

അജീഷ് പരമേശ്വരന്‍ said...

പ്രതീ കലക്കീട്ടോ.. പ്രതിയില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാം.. അതുകൊണ്ട്തന്നെ അത്ഭുതമൊന്നുമില്ല.. വിശ്വസിക്കാന്‍ പറ്റാത്തത് തല്ലീട്ട് ഓടിയെന്നുള്ളതും, പിന്നെ പുറത്ത് ഇറങ്ങിയില്ലാന്നുള്ളതുമാണ്.. സത്യമതാണോ? അവനല്ലേ നാടുവിട്ടത്??

Dandy said...

അനേക വര്‍ഷങ്ങള്‍ നമ്മള്‍ അയല്‍‌വാസികളായിരുന്നിട്ടും പരസ്പരം കാണാതിരുന്നതിന്റെ രഹസ്യം ഇപ്പോഴല്ലേ മനസിലായത്.

തമനു said...

എന്നാലും ആണ്‍കുട്ടികളെ തല്ലാന്‍ പാടുണ്ടോ കുട്ടീ (ഒരു പാടുമില്ല..). അതു പാപമല്ലേ...?

അന്ന്‌ തല്ലുന്നതിനു മുന്‍പ്‌ “ഞാനല്ലേ ചേട്ടാ അവളേക്കാള്‍ സുന്ദരി, ഞാന്‍ ചേട്ടനെ ഐ ഡബ്‌ള്യൂ“ എന്നൊന്ന്‌ പറഞ്ഞു നോക്കാഞ്ഞതെന്ത്‌. അവന്‍ പിറ്റേ ദിവസം മുതല്‍ സൈക്കിളില്‍ ട്യൂഷനു കൊണ്ടു വിട്ടേനേം. (സൈക്കിളില്‍ ഇരിക്കുമ്പോള്‍ പുറകിലേ കാര്യറീലേ ഇരിക്കൂ എന്നും എത്ര നിര്‍ബന്ധിച്ചാലും കുമളി വരെയൊന്നും സൈക്കിളില്‍ പോകില്ല എന്നും ഒരു തീരുമാനമെടുത്താ മതിയാരുന്നു).

അതിനു പകരം വെറുതേ അപ്പന്റെ കാറിന്റെ പെട്രോള്‍ കത്തിച്ചു കളഞ്ഞു. ബുദ്ധി വേണം ബുദ്ധി. അതെങ്ങനാ ഇതൊന്നും സമയാ സമയത്തിന് ആരോടും ചോദിക്കുകയില്ലല്ലോ.

കുറുമാന്‍ said...

ആ ഏരിയയില് പാട്ടപെറുകി നടക്കാറുള്ള പാണ്ടിപ്പെണ്ണുങ്ങള്ക്ക് എന്നേക്കാള് ഗ്ലാമര്!!! - ഹ ഹ ഹ. മൊത്തം ആത്മപ്രശംസയാണല്ലോ ഇത്തവണ. എന്നാലും ഉണ്ണിയാര്‍ച്ച ആളുകൊള്ളാം. ഭാഗ്യം ആ ഏരിയാവിലൊന്നും ജനിച്ചു വളരാതിരുന്നത് :)

കുട്ടന്മേനൊന്‍ (TM) | KM said...

അതു കലക്കി. ഹെര്‍ക്കുലീസുമാരിങ്ങനെയുമുണ്ടല്ലേ..

Vipin said...

പ്രതീ, പ്രതി ഒരു അടിക്കേസിലെ പ്രതി കൂടിയാണല്ലേ. പ്രതി അങ്ങിനെ വെറും ഒരു പ്രതിയൊന്നുമല്ല, ഒരു പ്രതിഭാസം തന്നെ.

എന്റെ ഒരു കസിനും ഒരിക്കല്‍ ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അതിലെ ഹെര്‍ക്കുലീസ് ചെരിപ്പെന്നു കേട്ടപ്പളേ ഓടി എന്നു പറഞ്ഞു. ഇനിയിപ്പോ പ്രതിഭാസ ചരിതം കേട്ടിട്ടുണ്ടായിരുന്നതു കൊണ്ടാണോ എന്നറിയില്ല.
ഏതായലും സംഗതി കലക്കി

ദില്‍ബാസുരന്‍ said...

ഹ ഹ.. പ്രതിഭച്ചേച്ചീ കലക്കി.

വേറെ ചില ടീംസുണ്ട്. ആനയാണ് കുതിരയാണ് കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണെന്നൊക്കെ പറഞ്ഞ് നടക്കും. എന്നിട്ട് വല്ലവനും ഒന്ന് തോണ്ടിയാല്‍ അടി കൊള്ളാനും (അടിപിടി വണ്‍വേ അല്ലല്ലോ) കൊടുക്കാനും ആണ്‍പിള്ളേര്‍ വേണം. :-( എന്നിട്ട് ന്യായീകരണം “നീയുള്ളപ്പോള്‍ ഞാന്‍ തല്ലാന്‍ പോയാല്‍ നിനക്കല്ലെ മാനക്കേട് ?”എന്ന്. പിന്നേ.. അഭിമാനം കൊണ്ട് നമ്മളിങ്ങനെ തല്ലുണ്ടാക്കാന്‍ മുട്ടി നടക്കല്ലേ? :-(

എനിക്ക് ബഹുമാനമുണ്ട്. :-)

വേണു venu said...

ഹേര്‍ക്കുലീസ്സിനു വന്ന മാറ്റങ്ങള്‍‍ ഇങ്ങനെ ആകാം.

കാണുന്ന പെണ്‍പിള്ളേരിലെല്ലാം ഉണ്ണിയാര്‍ച്ചയെ കണ്ടുതുടങ്ങി.

പ്ലാസ്റ്റിക് സ്ലിപ്പോണ ചെരുപ്പു സ്വപ്നത്തില്‍‍ കാണാന്‍ തുടങ്ങി.‍‍ :)

ഗന്ധര്‍വ്വന്‍ said...

ഈജിയന്‍ കുതിര ലാവണം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു.
ആ സുന്ദരിക്കെന്തു സംഭവിച്ചുവെന്നും അവരുടെ ഫോണ്‍ നമ്പറും വിലാസവും തന്നിട്ട്‌ ഇനി ബ്ലോഗെഴുതിയാല്‍ മതി എന്ന്‌ എന്റെ പേരിലുള്ള സൈക്കിള്‍ കുറുകെ വച്ച്‌ പറയണമെന്നുണ്ട്‌ .
പല്ലുവേദന!!!!!!!!!!!!!!!!!!..................
ഇന്ന്‌ ഞാന്‍ പ്രീ ഡിഗ്രിക്കാരനല്ല , പീറ ഡിഗ്രി എടുത്തവനാണ്‌....
ആലുവ, കോങ്ങോര്‍പ്പിള്ളി, കടൂങ്ങല്ലൂര്‍, കൂനമ്മാവു,കരിങ്ങാംതുരുത്ത്‌, വരാപ്പുഴ, പെരുമ്പാവുര്‍, കാലടി, നെടുമ്പാശ്ശേരി ഇനി ഞാന്‍ തിരയാത്ത....

kusruthikkutukka said...

എന്റെ ഒരു ഫ്രെന്റിനെ ഓര്‍മ വന്നു...
ഇത്തവണ സൈക്കിളല്ല... ബൈക്ക്....
ഓരാള്ക്കു പകരം 2 പേര്‍ ...
ആളില്ലാത്ത ഇടവഴിക്കു പകരം യൂണിവേഴ്സിറ്റി കാംപസ്....
അതും 10 -20 പേര്‍ കൂടി നില്ക്കുന്ന കവല.....
(അവന്മാരുടെ ഒരു ചങ്കൂറ്റമേ....)
അവള്‍ അതിലൊരുത്തന്റെ ചെകിടത്ത് തന്നെ കൊടുത്തു...അതിന്റെ കൂടെയുണ്ടായിരുന്ന അലര്‍ച്ചയും കൂടുതല്‍ ചങ്കൂറ്റമുണ്ടായിരുന്ന മറ്റു ആണ്‍കുട്ടികള്‍ അവന്മാരിലൊരുത്തനെ ഓടിച്ചിട്ടു പിടിച്ചു..... എടുത്തിട്ടു പെരുമാറി. മറ്റവന്‍ രക്ഷ്പ്പെട്ടു.. സെക്ക്യൂരിറ്റി വന്നു , കേസ് ആക്കി...
സംഭവം നടന്നതു കേരളത്തിലല്ലെന്നു മനസ്സിലായില്ലെ
കേരളത്തിലാണെങ്കില്‍ ആ പെണ്‍കൊച്ചിനോട് , നീ എന്തിനാ ഇത്ര പ്രശ്നമാക്കാന്‍ പോയെന്നു ചോദിച്ചേനെ !!!!

പൂഴിക്കടക്കന്‍ അറിയില്ല അല്ലെ..:-)
(പൂഴി വാരി കണ്ണിലേറിയുന്ന പരിപാടി തന്നെ ;-)
ഒറ്റക്കുള്ളപ്പോള്‍ കൈ മടക്കി മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കനം ... കണ്ണു ചിമ്മി ത്തുറക്കാന്‍ കൂടുതല്‍ സമയം എടുക്കും .. പിന്നെ ഓടി മറയാന്‍ കുറച്ചു അധികം സമയവും കിട്ടും ;-)... ചെരിപ്പും കരണകുറ്റിയുമൊക്കെ ഓണ്‍ലി അറ്റ് പബ്ലിക്ക് പ്ലേസ് ..ഫോര്‍ പെയിന്‍ വിത്ത് മാനഹാനി എഫെക്റ്റിനു....

ചിന്തു said...

പ്രതീ....കണക്കിനു ജയിച്ചോ??? അതു കഴിഞ്ഞു സ്കൂളില്‍ പോയോ അതോ ഗുസ്തിക്കു പോയോ??? ഇതിനാണൊ പറയുന്നത് പത്തും ഗുസ്തിയുമെന്ന്???

ഉള്ളത് ഉള്ളതുപോലെ പറയുന്ന കൊച്ചാ.... ഇനിയും ഇതുപോലുള്ളതൊക്കെ പ്രതീക്ഷിക്കാമല്ലോ...

ദില്‍ബാസുരന്‍ said...

കുസൃതി പറഞ്ഞ പൂഴിക്കടകന്‍ കൊള്ളാം. കൂടാതെ ചില ടിപ്സ്:

1)ആരെങ്കിലും കൈപിടിച്ചാല്‍ അയാളുടെ wrist ശക്തിയായി ആന്റി ക്ലോക്ക് വൈസില്‍ തിരിച്ചാല്‍ റിസ്റ്റ് ഒടിയ്ക്കാം.

2)മൂക്ക് കൊള്ളാമെങ്കിലും നാഭിയില്‍ മുട്ട് കാല്‍ കൊണ്ടോ മറ്റോ ഇടിച്ചാല്‍ മാക്സിമം റിയാക്ഷന്‍ ടൈം കിട്ടും, മാക്സിമം ഡാമെജും വരുത്താം.

3)ശബ്ഗത്തോട് കൂടിയുള്ള ഇടിയുടെ ആഘാതവും ഷോക്ക് വാല്യുവും കൂടും

4)സംഭവസ്ഥലത്ത് നിന്ന് വേഗം സ്ഥലം കാലിയാക്കുക, സഹായം തേടുക

:-)

Aloshi said...

കൊള്ളാം പ്രെതി എന്നു ഞാന്‍ പറയണില്ല...
പറഞാലേ.. നാട്ടിലൂടെ ബാക്കിയുള്ളവര്‍ക്കെല്ലാം വഴി നടക്കാന്‍ പണിയാവും.....
പിന്നെ പ്ലാസ്റ്റിക് ബാഗ് നിരോധിച്ചതു പോലെ പ്ലാസ്റ്റിക് ചെരുപ്പുകളും നിരോധിക്കേണ്ടി വരും....

എന്നാലുമെന്റെ പ്രതി..പ്രതി ഒരു 1....1½ സംഭവമാണെന്നു മനസിലായി.....

അവതരണം കൊള്ളാം കേട്ടൊ.... അപ്പോ ഇനിയും പ്രതീക്ഷിക്കമല്ലോ ഇതു പോലുള്ളവ അല്ലേ കൈയില്‍ സ്റ്റോക് കാണുമല്ലൊ.. അല്ലേ...
എല്ലാ വിധ പ്രോത്സാഹനവും.... *2 കര്യത്തിനും എഴുത്തിനും പിന്നെ അനുഭവങള്‍ക്കും*

മുസാഫിര്‍ said...

കൊള്ളാം,നല്ല അനുഭവം,കോപ്പി റൈറ്റു ചെയ്തു വച്ചോളു,ചെരുപ്പു കമ്പനിക്കാര്‍ ആരെങ്കിലും പരസ്യത്തിനായി ഉപയോഗിക്കും.

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബാ അനുഭവം ഗുരു അല്ലേ...

പ്രതിഭാസമേ ഒഫിന് ഒരു (വേള്‍ഡ്) മാപ്പ്.

Balu..,..ബാലു said...

എന്റെ മോഡീ, ഇതൊക്കെ നടന്നത് തന്നെ??

പാവം ഹെര്‍ക്കു..! അവനിതു വായിച്ചാല്‍ ആത്മഗതം നടത്തും..

“ആ പന്ന #%%$^%&^&%$#%$^%#@@%$ എന്നെ വിടാന്‍ ഉദ്ദേശമില്ല..!”

എന്തായാലും സംഭവം ഉഗ്രഗ്രന്‍.. :)

ആഷ said...

ഹ ഹ ഹ
അവനു അങ്ങനെ തന്നെ വേണം.
എന്തിനാ ഇത്രം സമയമെടുക്കുന്നേ
വേഗം എഴുതൂന്നേ അടുത്തത്
പ്രതിഭയുടെ എഴുത്ത് ഒത്തിരി ഇഷ്ടായി :)

കൃഷ്‌ | krish said...

പ്രതിഭാ.. ഇപ്പോള്‍ കൊറിയന്‍ സ്റ്റൈലില്‍ അടിതട ഒക്കെ പഠിച്ചുവോ. ഇടക്ക്` ആവശ്യം വരും. ബൂലോഗത്ത്‌ അണോണി ഹെര്‍ക്കുലീസുമാര്‍ ചിലപ്പോള്‍ ഇറങ്ങാറുണ്ട്. അപ്പോള്‍ ഉടന്‍ പ്ലാസ്റ്റിക്ക് സ്ലിപ്പോണുമായി വരണം.

(പച്ചാളം പറഞ്ഞതില്‍ കാര്യമാക്കണ്ട..പുള്ളിയുടെ പണി കുറയും എന്നോര്‍ത്താ..)

Prasad S. Nair said...

ഹ... ഹ.. കാലിനിടയില്‍ തുരുമ്പിച്ചൊരു സൈക്കിളും തിരുകി, കരണം പുകച്ച അടി വാങ്ങി പൊട്ടിത്തെറിയ്ക്കുന്ന ഒരു പാവം ഹെര്‍ക്കുലീസ്...
പിന്നെ പിതാശ്രീയുടെ കാറുനുള്ളില്‍ പതുങ്ങി ആലുവായിലൂടെ പാഞ്ഞുപോകുന്ന പ്രതിഭാസം.. രണ്ടും രസിച്ചു....പിന്നെ കരണത്ത് പൊട്ടിച്ചെന്ന് എഴുതിയത് ഇവിടെ പലരെയും ഒന്ന് ഞെട്ടിയ്ക്കാനല്ലെ...

സതീശ് മാക്കോത്ത് | sathees makkoth said...

ഹഹഹ...
പ്രതിഭാസം കഥ കലക്കി.
എങ്കിലും ആണൊരുത്തന്റെ കരണമടിച്ച് പൊളിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി.
ആ ചെരിപ്പ് ഇപ്പോഴും സു‍ക്ഷിച്ച് വെച്ചിട്ടുണ്ടോ?

അന്‍‌വര്‍ സാദത്ത് | anwer sadath said...

വക്കാരൂ...അതു ഞാന്‍ തന്നെ പറയണോ ? വക്കാരി തന്നെ പറയുമ്പോളല്ലേ അതിന്റെ ഒര്‍ജിനാലിറ്റി വരൂ...ഞാന്‍ പറഞ്ഞാല്‍ ഞാനിത് എങ്ങിനെ അറിഞ്ഞെന്ന് പറയേണ്ടിവരും , അപ്പോ അന്ന് യോക്കോഹാമയില്‍ വച്ച് നമ്മള്‍ തമ്മില്‍ കണ്ട കാര്യം പറയേണ്ടി വരും... അന്ന് എന്നോട് ഈ കഥ പറഞ്ഞതു പറയേണ്ടിവരും...

പിന്നെ... ആരെങ്കിലും വന്ന് ഈ വക്കാരി എന്നു പറയുന്ന ഒരാള്‍ ഉണ്ടോ ? ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഫോട്ടോയുണ്ടോ ? എന്നൊക്കെ ചോദിച്ചാല്‍ വക്കാരിയെ ജീവനോടെ കണ്ട ഒരാള്‍ എന്ന നിലക്ക് എന്റെ സഹായം വേണ്ടി വരും ...ജാഗ്രതൈ...

( കോമ്പ്രമൈസ്...കോമ്പ്രമൈസ്...എന്നേം വക്കാരിയേം വെല്ലുവിളിക്കാന്‍ ആരുണ്ട് ?(പ്ലീസ് ആരും വരതുത് വക്കാരിക്ക് ടൈം ഇല്ല) )

പ്രതിഭ...ഓഫിനുള്ള മാപ്പ് ഇത്തിരി തന്നില്ലേ...അത് എടുത്തോളൂ...ഇത്തിരി വേള്‍ഡ് മാപ്പായല്ലേ തന്നത് ...വേള്‍ഡ് മാപ്പില്‍ ജപ്പാനും കാണും ...ഒരു ജാപ്പനീസ് മാപ്പ് അവിടുന്നെടുത്തോളീന്‍...

വാവക്കാടന്‍ said...

ഹൊ !!
ദിതാണ് ധൈര്യം!

ഓ.ടോ. ഇതൊക്കെ ഒള്ളതാന്നോ ;-)

വക്കാരിമഷ്‌ടാ said...

അന്‍‌വറേ, കറുത്ത എഴുത്തയക്കല്‍ ഇമോഷണലായാലും ലൂസ് മോഷണലായാലും ജപ്പാനില്‍ ഭയങ്കര കുറ്റമാണ് കേട്ടോ. ഇരുപത്തെട്ട് ദിവസം പുറം ലോകം കാണിക്കാതെ അവരകത്തിടും :)

(കോമ്പ്രോമായീസ്, കോമ്പ്രമ്മായീസ്, കോമ്പ്രമൈസ്- സുല്ലിട്ടു, സുല്ലൊന്നുമിട്ടില്ല, ഞാനിട്ടു, സുല്‍).

പ്രതിഭാസമേ, ഓഫിനു മാഫ്. പ്ലാസ്റ്റിക് ചെരുപ്പുകൊണ്ടടി കിട്ടിയാല്‍ എന്ത് പറ്റുമെന്ന് ഇനി ഞാന്‍ തന്നെ പറഞ്ഞു തരാം. അന്‍‌വറിന് പറയാന്‍ ചമ്മലാണെന്ന് :)

മുക്കുവന്‍ said...

അങ്കമാലിയിലാവാഞ്ഞതു നന്നായി... ഇല്ലേല്‍ എനിക്ക് കിട്ടിയേനെ ഒരെണ്ണം. ഇങ്ങനേയും വേടിക്കാം അടി... ഒരോ അടി വരണ വരവേ!

Anonymous said...

പ്രിയപ്പെട്ട പ്രതീ,
ഇതു വായിച്ചപ്പോള്‍ പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്ത് ഒന്നു ചിരിച്ചു. പിന്നെ എന്തു പറ്റി എന്ന് എന്നോട് ചോദിച്ചാല്‍ കുറച്ചു മണ്ണു പറ്റി, പോരാത്തതിന് ഫാന്റവുമായി ഏറ്റുമുട്ടിയതുപോലെ മുഖത്തൊരു പാടും. അതിനു ശേഷം വീണ്ടും അന്വേഷിച്ചു വരാഞ്ഞതിന്റെ കാരണം മറ്റൊന്നുമല്ല. ഒറ്റക്കുവരാനുള്ള പേടി, ആരെയെങ്കിലും കൂട്ടിവരാം എന്നു വെച്ചാല്‍ അവരോടു ഇതൊക്കെ പറയാനുള്ള ചമ്മല്‍ എന്നതൊക്കെത്തന്നെ. മുഖത്തെ പാട് ആരും കാണാതെ കഴിച്ചുകൂട്ടിയതെങ്ങിനെ എന്നെനിക്കറിയാം. (ചിലരൊക്കെ അറിയുകയും ചെയ്തു.)

ഏതായലും ആ സംഭവത്തിനു ശേഷം എന്റെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളുണ്ടായി. അതില്‍ ഒരു പങ്ക് പ്രതിയുടെ അടിക്കും ഉണ്ടാവാണം. ഏതായലും സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്നു വിശ്വസിക്കുന്നു.

സുന്ദരി എന്തു ചെയ്യുന്നു? അവളുടെ പേരെന്തെന്ന് എനിക്കിന്നും അറിയില്ല പിന്നീടറിയാന്‍ ശ്രമിച്ചിരുന്നുമില്ല. അവളുടെ കല്യാണം കഴിഞ്ഞോ? കാണാറുണ്ടെങ്കില്‍ എന്റെ അന്വേഷണം അറിയിക്കുക.

സസ്നേഹം,
ഹെര്‍ക്കുലീസ്.

മലമൂടന്‍ മരമണ്ടന്‍ said...

ആ അടി ശരിയ്ക്കും ഹെര്‍ക്കുലീസിനോ, അതോ സുന്ദരിയായ പാവം കൂട്ടുകാരിയ്ക്കോ?

നന്ദന്‍ said...

പ്രതിക്കുഞ്ഞേ, മിടുമിടുക്കീ, അങ്ങനെ വേണം പെണ്‍കുട്ടികളായാല്‍.. ഏതായാലും കലക്കീ.. നല്ല വിവരണം..

പ്രതിഭാസം said...

നന്ദി... കുറേ കാലങ്ങള്‍ക്കു ശേഷം ഇട്ട ഈ പോസ്റ്റ് വന്നു വായിച്ചവര്‍ക്കും, വായിച്ചു കമെന്റിയവര്‍ക്കും.

പിന്നെ, ഇതിലെഴുതിയേക്കുന്നതൊക്കെ ഒള്ളതാട്ടോ. അംന പറഞ്ഞില്ലേ, ഇങ്ങനെ ഒരു സംഭവം നടന്നാല്‍ അപ്പോ അവിടെ പ്രണയം വിരിയുമെന്ന്. ഹ ഹ... സ്ഥലത്തെ പാണ്ടികള്‍ക്ക് എന്നേക്കാള്‍ ഗ്ലാമറായിരുന്നു മാഷേ അന്ന്.

വിശ്വേച്ചീ...ഓടിപ്പോയി. ഓടാതെ നിന്ന് ഹെര്‍ക്കുലീസിനെ വയലന്റാക്കണ്ടല്ലോ എന്നോര്‍ത്തു. അല്ലെങ്കില്‍ ഹരീ പറഞ്ഞപോലെ അമരീഷ് പുരിയാക്കണ്ടല്ലോ എന്നോര്‍ത്തു.

വക്കാരീ.. അന്‍വറിക്കയെക്കെതിരെ അങ്ങനെയൊരാരോപണമോ??? ഏയ്.. ഏതായാലും അടി വാങ്ങുന്ന സ്റ്റേറ്റ് വരെ ഇക്ക നില്‍ക്കൂല്ല. അക്കാര്യമെനിക്കുറപ്പാ.. അല്ലേ ഇക്കാ..

ഡാന്റിച്ചായാ... ഇക്കഥ വായിച്ച പലര്‍ക്കും അച്ചായനാണോ ആ ഹെര്‍ക്കുലീസ് എന്നൊരു സംശയം. തന്നെ? ആണേല്‍ പുറത്തു പറയണ്ടാട്ടോ..

അജീഷെ, അവന്‍ നാടു വിട്ടോ? കാണും. പിന്നെ, ഏതായാലും മൂപ്പരെ ഞാന്‍ കണ്ടിട്ടില്ല. ഇനിയിപ്പോള്‍ കണ്ടാല്‍ മനസ്സിലാവോമില്ല. ഭാഗ്യം!

കുസൃതീ... ആ ഇടവഴിയില്‍ പൂഴിയൊന്നുമില്ലാരുന്നെന്നേ...

പ്രസാദേട്ടാ.. കരണത്ത് പൊട്ടിച്ചെന്നെഴുതീത് ബൂലോകത്താരേം ഞെട്ടിക്കാനല്ല. ഞാന്‍ നില്‍ക്കുന്നിടത്ത് ചിലര്‍ക്ക് ഒരു ബഹുമാനമാവട്ടെ എന്നു കരുതിയാ. പക്ഷെ സംഭവം ഒള്ളതാട്ടോ...

അനോണീ... ഇതേതായാലും ഹെര്‍ക്കു അല്ലെന്ന് എനിക്കുറപ്പുണ്ട്. മൂപ്പരാണേല്‍ വീണ്ടും #$@%$%#$@ പറഞ്ഞേനെ. ഏതായാലും, സുന്ദരി കല്യാണമൊകെക് കഴിഞ്ഞ് സുഖായിരിക്കുന്നു. (നിലവിളക്കെന്തു ചെയ്യുന്നു, എന്ന് സ്ക്രാപ്പ് വഴിയും മെയിലു വഴിയുമൊക്കെ അന്വേഷിച്ച എല്ലാവര്‍ക്കുമുള്ള മറുപടിയാണേ ഇത്!!!)

എല്ലാവര്‍ക്കുമുള്ള മറുപടിയായില്ല. ക്ഷമിക്കണേ...
ഒരിക്കല്‍ കൂടി ഒരു വേള്‍ഡ് നന്ദി.... അന്‍വറിക്കയുടെ ഭാഷയില്‍ ഈ ബ്ലോഗിന്റെ മാറാല നീക്കി ഇവിടെ വന്നവര്‍ക്ക്!!! :

PS:
ഞാന്‍ പത്ത് പാസ്സായീട്ടോ. കണക്കിന് 99 മാര്‍ക്കും. (സംശയമുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി മാര്‍ക്ക് ഷീറ്റിന്റെ കോപ്പി അയച്ചു തരുന്നതായിരിക്കും!)
പക്ഷെ റാങ്ക് പോയി. “എന്റെ മോളുടെ റാങ്ക് പോയി“ എന്നും പറഞ്ഞ് എന്റെ മമ്മി പൊട്ടി കരഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു!!! ;)

വക്കാരിമഷ്‌ടാ said...

അവസാനം അതും സംഭവിച്ചു (ശ്ലോകരൂപേണ അഃ തും സംഭവാമി യൂക്കേ യൂക്കേ എന്നും പറയാം).

വിശ്വേട്ടന്‍ വിശ്വേച്ചിയായി, അ തും ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശത്തിന്റെ പകുതി സമയം കൊണ്ട്... :)

(അതോ ആള് റെഡി പണ്ടാരോ ആക്കിയായിരുന്നോ എന്നൊരു ഓര്‍മ്മപ്പിശകും ഇല്ലാ തില്ലാ തില്ല)

പതാലീ...

പ്രതിഭാ
സമ്മേ, ചുമ്മാ താണപ്പാ.

:)

പ്രതിഭാസം said...

അയ്യോ.. ഒരു വേള്‍ഡ് മാപ്പ് ഞാന്‍ ദാ വിശ്വേട്ടനു നല്‍കിയിരിക്കുന്നു :(
മാപ്പ് മാപ്പ് മാപ്പ്!!!

ഇപ്പോ ഹരീ വന്നു പറഞ്ഞതേയുള്ളൂ അടി വാങ്ങണ്ടേലോടി പോയി തിരുത്തിക്കോ എന്ന്. തിരുത്താനെത്തിയപ്പോഴേക്കും വക്കാരി കടുകു വറുത്തു കഴിഞ്ഞു.
അപ്പോ വിശ്വേട്ടാ... അറിയാതെ പറ്റിയ തെറ്റുപൊറുത്തുമാപ്പാക്കണേ.
(വിശ്വപ്രഭ എന്നു കണ്ടപ്പോള്‍ എന്നെ പഠിപ്പിച്ച ഒരു ലക്ഷ്മിപ്രഭടീച്ചറെ ഓറ്ത്തുപോയി!)

കുട്ടന്മേനൊന്‍ (TM) | KM said...

വിശ്വേട്ടനെ വിശ്വേച്ചിയാക്കുന്നതും ഒരു പ്രതീഭാസം തന്നെ. കൊടുത്തു കരണം നോക്കി .. പാവം വിശ്വേട്ടന്‍..:)..(ഞാനോടി. കുറച്ചുദിവസം ഇവിടെയില്ല..)

ദേവരാഗം said...

വിശ്വം മാഷ്ടെ കാര്യം കള, വക്കാരിയെ ആരെങ്കിലും ചേച്ചിയാക്കിയാല്‍ ഞാന്‍ കുറ്റം പറയില്ല. ഒരു പാണ്ടിച്ചിയാണെന്ന് ദാ ഈ പാട്ടു കേട്ടിട്ടുള്ള ആര്‍ക്കും തോന്നിപ്പോകും>

"അണ്ടന്‍ കാക്ക കൊണ്ടക്കാരി
rent-a-car rent-a-car rent-a-car
അച്ചുവെല്ലrent തൊണ്ടക്കാരി
-a-car rent-a-car rent-a-car
അയ്യാറെട്ട്‌ പല്ലുക്കാരി
-a-car rent-a-car rent-a-car
അയിരമീന്‌ കണ്ണുക്കാരി
-a-car rent-a-car rent-a-car..."

എന്ന പാട്ടിന്റെ ഏതുവരിയിലും വക്കാരീ എന്ന് ചേര്‍ത്ത്‌ അവളെ വിളിക്കാമല്ലോ?

[ഓ ടോ മാ. പ്രതിഭേ]

പ്രതിഭാസം said...

കുട്ടന്‍ മേനോനും, ദേവേട്ടനുമൊക്കെ അതേറ്റു പിടിച്ചല്ലേ.
പ്ലീസ്... വിശ്വേട്ടാ.. ഇതിലൊന്നും വീഴല്ലേ... സത്യായിട്ടും ദാറ്റ് വാസ് അന്‍ ഇന്നസന്റ് മിസ്റ്റേക്ക്!

വക്കാരിമഷ്‌ടാ said...

ഹ...ഹ... ദേവേട്ടാ‍... ശരിയാ, കേറിപ്പോടീ പിത്തക്കാരീ എന്ന് മാന്നാര്‍ മത്തായിയില്‍ ഇന്നസെന്റ് കണ്ണുമടച്ച് പിടിച്ച് കൈയ്യും ചൂണ്ടി പറഞ്ഞതും ഒരു ചേച്ചിയോട് തന്നെ.

വിലാസിനി ഒരു പെണ്ണാണെന്ന് വിചാരിച്ച് എത്ര പേരാ അവകാശികളെന്ന എടുത്താല്‍ പൊങ്ങാത്തെ നോവല്‍ വായിച്ച് അവശാകികളായത് :)

പ്രതിഭാസമേ... ഈ പോസ്റ്റ് കൈയ്യീന്ന് പോയോന്നൊരു സംശയം :)

വക്കാരിമഷ്‌ടാ said...

എങ്കില്‍ പിന്നെ വളരെ നാളുകാളായി എന്നില്‍ ഉറഞ്ഞ് കൂടി ഉറഞ്ഞ് തുള്ളിയിരുന്ന ഒരു ആഗ്രഹം ഞാന്‍ പൂര്‍ത്തീകരിക്കട്ടെ...

ഒരമ്പത്

സ്വാറി പ്രതിഭാസമേ

qw_er_ty

കുതിരവട്ടന്‍ said...

ഛെ... ജസ്റ്റ് മിസ്സ്, ഒരഞ്ചു മിനുറ്റ് മുമ്പ് വന്നിരുന്നെങ്കില്‍ 50 അടിക്കാമായിരുന്നു. എന്തെങ്കിലുമാകട്ടെ. പോസ്റ്റ് കൊള്ളാം കേട്ടൊ പ്രതിച്ചേച്ചീ.

വിശ്വം said...

ഹ ഹ!
എത്ര നാള്‍ കൂടിയാണ് റേഷന്‍ വാങ്ങി വീട്ടില്‍ തിരിച്ചുവന്നിട്ട് കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ ഇത്ര രസത്തോടെ കുറച്ചു നിഷ്കളങ്കമായ ഓഫ് കമന്റുകള്‍ വായിക്കുന്നത്! നന്ദി പ്രതിഭാഗമേ!

വിശ്വപ്രഭയെ ചേച്ചിയെന്നു വിളിച്ചതില്‍ വിഷമമൊന്നുമില്ല പ്രതീ. പണ്ടുതൊട്ടേ അല്ലെങ്കിലും മെസ്സഞ്ജറിലും മെയിലിലുമൊക്കെ ഇഷ്ടം പോലെ ശൃംഗാരക്കുട്ടപ്പന്മാര്‍ ഈ പേരുകണ്ട് ലാളിക്കാന്‍ വരാറുണ്ട്. എത്ര പറഞ്ഞാലും മനസ്സിലാവാതെ പിന്നെയും പിന്നെയും ശല്യം ചെയ്തുകൊണ്ടിരിക്കും!

:-)

എന്തായാലും ഇനി മാറാല കേറാ‍നൊന്നും സമ്മതിക്കരുത് ഈ ബ്ലോഗില്‍! നല്ല രസികന്‍ എഴുത്താണ്. എല്ലാ ആഴ്ചയും ചുരുങ്ങിയത് ഒരു ഡോസു വെച്ചിങ്ങു പോരട്ടെ!


എല്ലാ ഭാവുകങ്ങളും!

പെരിങ്ങോടന്‍ said...

ങേ ചെരിപ്പ് പ്രയോഗവും!

ഈ ഫെമിനിസ്റ്റോളെ തട്ടിയും മുട്ടിയും ബ്ലോഗ് കവലേക്കൂടെ നടക്കാന്‍ പാങ്ങില്യാ എന്നായിരിക്കുന്നു, ഹെര്‍ക്കുലീസോളം വേണ്ട ഒരു അരവണ്ടി എംസീപ്പിയെങ്കിലും ഉണ്ടോ ഈ ഭാഗത്തെങ്കിലും ;) ഒരു പൊടിക്ക്, മരുന്നിന്...

സ്മിത said...

പ്രതീ.. എനിക്കു പറയാന്‍ വാക്കുകളില്ലാ.... എന്തു പറഞ്ഞാലും അധികമാവില്ലാ..

ഹെര്‍ക്കുലീസിനെ അതുകഴിഞ്ഞ് ഇതുവരെ കണ്ടിട്ടില്ലാ.. അതു നേരാണോ?

ഇപ്പോഴും ആലുവയില്‍ കൂടി ഒറ്റയ്ക്കു നടക്കാറില്ലേ?

നിങ്ങളുടെ ഇക്കാസ് said...

കരണക്കുറ്റിക്ക് കീറു കൊണ്ട ചെക്കന്റെ ആര്‍ന്നോ ഹെര്‍ക്കൂലീസ് കമ്പിനീന്ന് എനിക്ക് ഡൌട്ട്ണ്ട്.
കാരണം, ഹെര്‍ക്കൂലീസ് റം ഇപ്പൊ കിട്ടാനില്ല-ആ കമ്പിനി പൂട്ടി.
(പ്ലാസ്റ്റിക്ക് ചെരിപ്പോണ്ട് മോന്തയ്ക്ക് കീറുകാന്നൊക്കെ പറഞ്ഞാ ഇത്തിരി കൂടിപ്പോയീട്ടാ.. ആ ചെക്കന്‍ ഒരു തമാശ കാട്ടീതിനു.. കഷ്ടം!!)
ഇപ്പളാണെങ്കിലോ, പെങ്കിടാങ്ങളൊക്കെ വളരേ വള്‍ഗറായ ഡ്രെസ്സുമിട്ട് NAPDPQ NAPDPQ എന്നും പറഞ്ഞാ‍ണു നടപ്പ്.

വിചാരം said...

പ്രതിഭേ ഒരു ഡൌട്ട് .. ആ ഹെര്‍ക്കുലീസ് മെലിഞ്ഞിട്ടാണോ തല കഷണ്ടിക്കുള്ള സാദ്ധ്യതയ്ക്കുള്ള ആളായിരുന്നുവോ .. കമന്‍റുകള്‍ക്കിടയില്‍ തമനുവാണോ എന്നൊരു ...(ഞാന്‍ ഈ നാട്ടുക്കാരനേ അല്ല)

ദില്‍ബന് ബംഗളുരുവില്‍ നിന്ന് കിട്ടിയ എക്സിപിരിയന്‍സിന്‍റെ വെളിച്ചത്തിലാണ് 4 ടിപ്സുകള്‍

വിശാല മനസ്കന്‍ said...

ഇതൊരു ജാതി കീറ് പോസ്റ്റായി പ്രതിഭേ. സുപ്പര്‍.

എന്നാലും ചെരിപ്പിന് പെട കിട്ടാന്നൊക്കെ വച്ച. ഹൌ! അടികിട്ടിയ വശം ആ പാവത്തിന്റെ മുഖം ഡാര്‍ക്ക് പച്ചക്കളറെങ്ങാനും ആയോ?

അങ്ങിനെയാണെങ്കില്‍, ചെരിപ്പിന്റെ അടിയില്‍ വല്ല ചാണകമോ മറ്റോ പറ്റിപ്പിടിച്ച് ഇരുന്നിരിക്കും. ശ്ശോ!

ദില്‍ബാസുരന്‍ said...

ദില്‍ബന് ബംഗളുരുവില്‍ നിന്ന് കിട്ടിയ എക്സിപിരിയന്‍സിന്‍റെ വെളിച്ചത്തിലാണ് 4 ടിപ്സുകള്‍

വിചാരമേ.. ഡോണ്ടൂ ഡോണ്ടൂ..
അങ്ങനെ നല്ല നാലെണ്ണം കിട്ടിയാല്‍ ഞാന്‍ അന്നേ നന്നായിപ്പോകുമായിരുന്നില്ലേ? :-)

Siju | സിജു said...

സത്യമായിട്ടും ഹെര്‍ക്കുലീസ് ഞാനല്ല
എന്റെ സൈക്കിള്‍ ബി‌എസ്സെയായിരുന്നു :-)

തോക്കായിച്ചന്‍ said...

എന്റെ ദൈവമേ എന്തൊന്നു സംഭവമാ ഇതു.. ഇതു നേരത്തേ അറിയഞ്ഞതു നന്നായി.. അറിഞ്ഞിരുന്നേല്‍ കോളേജില്‍ പ്രതിഭാസത്തിന്റെ അടുത്തുടെ പോലും ഞാന്‍ വരത്തില്ലായിരുന്നു.. നീ രക്ഷിച്ചു എന്റെ പാറേല്‍ മാതാവേ...

കുതിരവട്ടന്‍ said...

അപ്പൊ ഈ തോക്കായിച്ചനും കൊളേജില്‍ ഒരു കൊച്ചു ഹെര്‍ക്കുലീസായിരുന്നല്ലേ. കൊടുക്കണ്ടേ പ്രതിചേച്ചി, കരണം നോക്കി ഒരെണ്ണം കൂടി.

ഓഫായിപ്പോയല്ലേ... സോറി....

പ്രതിഭാസം said...

വക്കാരിയങ്ങു ഫുള്ള് ഫോമിലാണല്ലോ. ഏതായാലും വിശ്വേട്ടന്‍ എനിക്കു പൊറുത്തു മാപ്പ് തന്നു. ഹൊ! ഇനിയെനിക്കു സമാധാനമായി കണ്ണടയ്ക്കാം. (കൊതിക്കല്ലേ ആരും.. കിടന്നുറങ്ങാമെന്നേ ഉദ്ദേശിച്ചുള്ളൂ...)
വിശ്വേട്ടാ... മാറാലയടിപ്പിക്കണമെന്നുദ്ദേശിച്ചിട്ടല്ലാന്നേ... പക്ഷെ എന്തു ചെയ്യാ‍നാ? ഒരോന്നോര്‍ടുത്ത് വരാന്‍ ഈ നേരമെടുക്കുന്നു. പിന്നെ, യൂഷ്വല്‍ എക്സ്ക്യൂസുകളും!
പെരിങ്ങോടാ.. ഇദ്ദേഹം ഒരു പേരുകേട്ട എം.സി.പി യാണല്ലോ. മ്ം മ്മ്.... ഇങ്ങനെയുള്ളോരൊക്കെ ഒന്നു കെട്ടുമ്പോള്‍ നേരെയായിക്കൊള്ളും.. അല്ലേ ഇഞ്ചിചേച്ചീ, മയൂരേച്ചീ, സുചേച്ചീ... പറഞ്ഞു കൊടൂക്കൂ...;)
സ്മിതേ... ഇല്ല. കണ്ടിട്ടില്ല. ഇനി കണ്ടാല്‍ മനസ്സിലാവോമില്ല. ഏതാണ്ട് 10 കൊല്ലം കഴിഞ്ഞല്ലോ. ഇപ്പോ ആലുവയില്‍ ഒറ്റയ്ക്കൊക്കെ നടക്കും. ഞാനും വളര്‍ന്നില്ലേ...ഹി ഹി
ഇക്കാസേ.. ഇതിപ്പോ തുടക്കത്തില്‍ അന്‍ വറിക്ക പറഞ്ഞപോലെ ഹെര്‍ക്കൂന്റെ സൈഡാല്ലേ...
വിചാരമേ... തമനുവല്ല. അതുറപ്പാ... ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഹെര്‍ക്കുലീസ് ഒരു പ്രെദിഗ്രീക്കാരന്‍ പയ്യനാരുന്നു. തമനു ആ നേരത്ത് കെട്ടി കുടുംബമായി കഴിയുവാരുന്നിരിക്കുംന്നേ. (തമനൂ.. കൊമ്പ്ലിമെന്റ്സായേ നമ്മള്‍!)
വിശാലേട്ടാ... എന്റെ ബ്ലോഗ് ലോകത്തെ ഗോഡ്ഫാദറേ...താങ്ക്സ്!
സിജുവേ... ഹെര്‍ക്കുലീസ് ഞാനല്ല ഞാനല്ലാ എന്നു കുറേ പേരായി പറയുന്നു. അപ്പോ ഹെര്‍ക്കുമാത്രമല്ല അടി വാങ്ങിയേക്കണേന്നുറപ്പായി :)
തോക്കായിച്ചാ...അങ്ങെന്റെ സൂപ്പറ് സീനിയറുടെ സൂപ്പര്‍ സീനിയറല്ലാരുന്നോ കോളേജില്‍. ആദരവല്ലാരുന്നോ സഖാവേ താങ്ങളോടൊക്കെ!
അല്ലാ... അപ്പോ ഈ കുതിരവട്ടനും ഈ പറഞ്ഞപോലെ എന്റെ സൂപ്പര്‍ സീനിയറാല്ലേ. എന്നിട്ട് പ്രതിചേച്ചിയെന്നോ കുതിരവട്ടേട്ടാ..

തുഷാരം said...

എന്‍റെ പ്രതിഭാസമെ...

ഇഞ്ചിപെണ്ണു പറഞ്ഞതെ എനിക്കും പറയാനുള്ളു.ഇങ്ങനെ പലപ്പോഴും ഒന്ന് പൊട്ടിക്കാന്‍ തോന്നിയിട്ടുണ്ട്.പക്ഷെ ധൈര്യത്തിന്‍റെ കൂടുതല്‍ കൊണ്ട് കഴിഞ്ഞിട്ടില്ലാ....ഞാന്‍ ഫാന്‍ ആയിട്ടോ.

ഇതു കസറി പ്രതികുട്ടീ.

ചാച്ചി said...

ഈ ബ്ലോഗ് എന്റെ നാട്ടിലുള്ള പെണ്‍പിള്ളേര്‍ വായിക്കാതിരുന്നാല്‍ മതിയായിരുന്നു..കാരണം എനിക്ക് ചെരിപ്പിന്റെ അടി അത്രക്കിഷ്ടം പോര..പിന്നെ എന്റെ മുഖത്തിന്റെ ഷൈപ്പ് ഇത്തിരി മാറിയിട്ടാണുള്ളത്..എനിയും മാറാന്‍ ആരാണ് ആഗ്രഹിക്കുക....
എതായാലും പ്രതി കലക്കി കെട്ടൊ

Sul | സുല്‍ said...

പ്രതീ, കരണം നോക്കിയുള്ള പ്രതികരണം അസ്സലായി. (എനിക്കല്ലല്ലോ കിട്ടിയത്. കിട്ടിയവനു അസ്സലായൊ ആവൊ)

എന്നാലും.......

-സുല്‍

Reshma said...

:D
"You go girl!"

ബിന്ദു said...

പ്രതിഭേ.. അതു കലക്കി.
എനിക്കും ഇതുപോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു( അല്ല, ഉണ്ട്). ഒരിക്കല്‍ ബസില്‍ വച്ച് ഒരുത്തന്‍ പുറത്തു തോണ്ടി, ആദ്യമൊക്കെ മാറി മാറി നിന്നു നോക്കി. പിന്നെ അറ്റകൈക്കു ഈ പ്രയോഗം അങ്ങു നടത്തി.:) അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നല്ലെ, രണ്ടു സൈഡിലും ആളായി. ഏതായാലും ചെയ്തതു തെറ്റെന്നു ബോധ്യപ്പെട്ടതുകൊണ്ടാവണം അയാളൊന്നും പറയാതെ ഇറഞ്ഞിപോയി. അതിലും വിഷമം ഇതുകേട്ട അമ്മ ഇനി ഇവളെങ്ങനെ കോളേജില്‍ പോവും, ഇവളെയാരു കെട്ടും എന്നൊക്കെ പറയുന്നത് കേട്ടപ്പോഴാണ്. :)
മുന്‍പൊരിക്കല്‍ ദില്‍ബു എവിടേയോ പറയുന്നതുകണ്ടിരുന്നു പെണ്‍കുട്ടികളോട് അമ്മമാര്‍ ഉപദേശിക്കും അടങ്ങിയൊതുങ്ങി നടക്കണം അങ്ങനെ വേണം, ഇങ്ങനെ വേണം എന്നൊക്കെ. ആണ്‍കുട്ടികളെ എന്താ ഉപദേശിക്കില്ലാത്തത് എന്നോ മറ്റൊ. ശരിയാണ് വളരെ ശരിയാണ്.
അടുത്തത് ഉടനെ തന്നെ എഴുതൂ ട്ടൊ. :)

സിനില്‍ said...

ഹെന്റെ പ്രതീ‍... ഇതാണ് ആലുവാ ഭാഗത്തുള്ള ആണുങ്ങളെല്ലാം അക്കാലത്ത് ഹെല്‍മെറ്റും ധരിച്ചു നടന്നിരുന്നത് അല്ലേ... പമ്പ് ജംങ്ഷനിലെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കു വട്ടുണ്ടോ എന്നു വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്... പാവങ്ങള്‍ (ലാമിറാബലേ)... ഒന്നൊന്നര അടിയായിരുന്നിരിക്കണം.. ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം അവിടെ നിന്നും മാറ്റനും ആലോചനയുണ്ടായതായി കേട്ടിരുന്നു.. ആണുങ്ങളാരും ഹെഡോഫിസില്‍ വരില്ലാത്രെ....

ആ പ്രശ്നങ്ങളൊക്കെ എങ്ങനെ തീര്‍ത്തൂ‍ൂ ???

കൊള്ളാം വെള്ളമടി, ചെവിക്കല്ലിനിടി.. ഇനി എന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍???

ഉഗ്രന്‍ .. ഉഗ്രന്‍ അത്യുഗ്രന്‍.. പോരട്ടങ്ങനെ പോരട്ടെ..

പ്രതിഭാസം said...

തുഷാരേച്ചീ, അല്ലേലെ ഇവിടെ ഒടുക്കത്തെ തണുപ്പാ...അതോണ്ട് ഫാനും ഏസിയുമൊന്നും ആവണ്ട.ഇഞ്ചിചേച്ചി അതെന്നെ ഒന്നു പ്രോത്സാഹിപ്പിചതല്ലേ... വായിച്ചു കമെന്റിയതിനു നന്ദീ...
ചാച്ചീ... കൈയ്യിലിരുപ്പു നന്നായില്ലെല്‍ ഷേപ്പ് മാറും. അതൊരു പൊതുതത്വമല്ലേ മോനേ...
സുല്ലിന് അസ്സലായെന്നു തോന്നിയല്ലോ. അതു മതി. ആശ്വാസം!:)
Reshma, Will sure try. Thanks!
ബിന്ദുചേച്ചീ... ഇന്നലെ തന്നെ ഹരിക്കുട്ടന്‍ തന്നാരുന്നൂട്ടോ ചേച്ചിയുടെ കമെന്റ്സ്. നന്ദിയുണ്ട്ട്ടോ വായിച്ചു കമെന്റിയതിന്‍!:)
സിനിലേട്ടാ... അങ്ങനെയും സംഭവങ്ങള്‍ നടന്നോ? ഈശ്വരാ... ഞാനതൊന്നുമറിഞ്ഞില്ല. അല്ലാ ഇതൊക്കെ സിനിലേട്ടന്‍ എങ്ങനെ അറിഞ്ഞു? ഇനി താങ്ങളാണോ ആ ഹെര്‍ക്കു???

ബിരിയാണിക്കുട്ടി said...

എന്റമ്മേ!! കൊള്ളാലോ ഈ പെങ്കൊച്ച്. ഇഞ്ചീടെ പോലെ ഞാനും ഫാനായി. :)

qw_er_ty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് : വരാനിത്തിരി വൈകി.. നാട്ടിലായിരുന്നു... ഇതൊരു ഒന്നൊന്നൊരപ്പോസ്റ്റാണല്ലോ!!!

ഓഫ്:

ദില്ബാസുരന്‍: അങ്ങനെ നല്ല നാലെണ്ണം കിട്ടിയാല്‍ ഞാന്‍ അന്നേ നന്നായിപ്പോകുമായിരുന്നില്ലേ? :-)“

ദില്‍ബൂ എന്നിട്ടിതുവരെ നന്നായില്ലേ?? കഷ്ടം

manyan28 said...
This comment has been removed by the author.
മണി said...

പ്രതിഭയുടെ പ്രതിഭാവിലാസങ്ങള്‍ കൊള്ളാം,
നീഒരു വക്തിയല്ലാ പ്രസ്താനമാണ് ,പ്രസ്താനം.
പെട്ടന്നു വിജയശാന്തികയറി വല്ലതും ചെയതാല്‍ ഏതുണ്ണിയാര്‍ച്ചയായാലും
പിന്നുള്ളകാലം സ്വന്തം നാട്ടിലായാലും സാരിത്തുബില്‍ മുഖം മറച്ചു
നടക്കേണ്ടിവരും എന്നാണൊ ആ കഥയുടെ ഗുണപാഠം?

ചക്കര said...

:)

മണി said...

പ്ലാസ്റ്റിക്ക് നിരോധനം എത്രയും വേഗം നടപ്പിലാക്കണം

പ്രതിഭാസം said...

ബിരിയാണിക്കുട്ടീ... നന്ദി! ഫാനായതിനല്ലാ‍ട്ടോ.. വായിച്ചതിന്. കാറ്റടിച്ചപ്പോഴാ മനസ്സിലായത് ഫാനിന്റെയാണെന്ന്! കുളിരുന്നൂ‍ൂ‍ൂ‍ൂ...
ഓംഹ്രീം കുട്ടിച്ചാത്താ... എന്നു ഞാന്‍ ചൊല്ലാന്‍ മറന്നു പോയി! അതല്ലേ വരാന്‍ വൈകിയേ..
മണിയണ്ണാ... അങ്ങനെ ഒരു ഗുണപാഠം ഞാനുദ്ദേശിച്ചില്ലാട്ടോ. അന്നത്തെ പ്രായമതായതുകാരണം ഒന്നു പേടിച്ചെന്നേ. (ഇപ്പോ ആയിരുന്നേലോ എന്നൊന്നും ചോദിച്ചേക്കല്ലേ...)
ചക്കരേ...:)
മണിയേ... പ്ലാസ്റ്റിക് ഇല്ലായിരുന്നേല്‍ വല്ല കല്ലും പെറുക്കി എറിയേണ്ടിവന്നേനേ അതിലും ഭേദം പ്ലാസ്റ്റിക്കല്ലേ....

sekhar said...

തകര്‍പ്പന്‍...ഞാനും ഒരു ഫാന്‍ ആയൊ എന്നൊരു സംശയം :)....അടുത്ത ക

sekhar said...

തകര്‍പ്പന്‍...ഞാനും ഒരു ഫാന്‍ ആയൊ എന്നൊരു സംശയം :)...

Anonymous said...

ലെവളു ഇതെന്നതാ എന്നെ കുറിചു വിചാരിചെ?.ഞ്ഞാന്‍ ആ അടിയില്‍ തോറ്റു പോയെന്നൊ?ഉം ഒരു റബര്‍ ചെരുപ്പിലൊന്നും അത്ര വല്യ വേധന തോന്നില്ല.പിന്നെ ഈ വക കാര്യങ്ങള്‍ എല്ലാം ഒരു സ്പൊര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണ്ടെ?എന്തായലും അതിനു ശെഷം ഞ്ഞാനും മറ്റെ കുട്ടിയും തമ്മില്‍ ലയ്ന്‍ ആയതു ഈ കുട്ടി അറിഞ്ഞില്ലാ.ഒര്‍മകള്‍ തിരിചു തന്നതിനു നന്ദി.

ശ്രീ(sobhin) said...

പ്രതീ... ഇത്രയ്ക്കങ്ങു പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും സംഭവം അസ്സലായി.
(യാദൃശ്ചികമായി മലയാളത്തിലെ അനുഭവങ്ങള്‍‌ എന്ന ടോപ്പിക്കു വഴിയാണ്‍ ഈ ബ്ലോഗിലെത്തിയത്) അങ്ങനെ, മറ്റു പോസ്റ്റുകളും വായിച്ചു... അവതരണ ശൈലി വളരെ രസകരം തന്നെ... തുടക്കം മുതല്‍‌ എങ്ങനെ അവസാനിക്കും എന്നറിയാനുള്ള ഒരു ജിജ്ഞാസ വായനക്കാരില്‍‌ നില നിര്‍‌ത്താന്‍‌ പ്രതിക്കു കഴിയുന്നുണ്ട്. അഭിനന്ദനങ്ങള്‍‌... തുടര്‍‌ന്നും എഴുതുക.

ശ്രീജിത്ത്‌ കെ said...

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എം.ടി.വി.യില്‍ ബക്ര ഉണ്ടായിരുന്നോ പ്രതിഭാസമേ? ഒന്നൂടൊന്ന് ആലോചിച്ച് നോക്കിക്കേ.

അടി കലക്കി. എഴുത്തും. ഇനി ഒരു അടി കൊടുക്കേണ്ടുന്ന അവസരം ജീവിതത്തില്‍ വരാതിരിക്കട്ടെ.

പ്രതിഭാസം said...

ശ്രീജിത്തേ.. ശ്രദ്ധിച്ചു വായിക്കണം! ഏഴാം ക്ലാസ്സിലെ കഥയല്ല ഇത്! പത്തിലെ കഥയാ! ഇവിടെയും മണ്ടത്തരം!!!

ശ്രീശോഭിന്‍... നന്ദി. മലയാളത്തില്‍ കാണാം!

അനൂപ് അമ്ബലപ്പുഴ. said...

ഹായ് പ്രതി,

വായിച്ചു, ഇഷ്ടായി. നിങ്ങള്‍ ചെയ്യുന്നത് കണ്ടുകോണ്ട് നില്‍ക്കുന്ന മൂന്നാമതോരാളെ പോലെ തോന്നി.അത്രയ്ക്ക് ഒഴുക്കു ഫീല്‍ ചെയ്തു.
പിന്നെ ഞാന്‍ ഈ സംഭവം സിനിമാ സ്റ്റ്യ്ലില്‍ ഒന്നു ആലോചിച്ചു

നീ കുനിഞ്ഞ് കാലില് കിടക്കുന്ന പ്ലാസ്റ്റിക് സ്ലിപ്പോണ് ഊരി കൊടുത്തു ഹെര്ക്കുലീസിന്റെ കരണം നോക്കി ഒരെണ്ണം!!!
2 നിമിഷം ഫ്രെയിം നിറയെ ഇരുട്ട്.
അപ്പോള്‍ നിന്റെ അമ്മ “മോളെ എഴുനേല്‍ക്ക് എന്തൊരു ഉറക്കമാ ഇത്??”

((സത്യം പറ ഇതല്ലേ നടന്നത്?))

Kiranz..!! said...

എന്തെല്ലാം എന്തെല്ലാം ആശകള്‍ ആണെന്നോ..
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങള്‍ ആണെന്നോ..

പാടിയത് :യേശുദാസ്
ചിത്രം : ഇഷ്ടം..

ഛേ..പോസ്റ്റ് മാറിപ്പോയാ :) ?

പ്രതിഭാസം said...

ഇതിത്രയ്ക്ക് അസംഭവ്യമായ സംഭവമാണോ? എങ്കില്‍ ഞാനൊരു സംഭവം തന്നെയാണല്ലേ.
(പക്ഷെ എന്റെയറിവില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലാട്ടോ...)
അനൂപേ... സ്വപ്നത്തിന് ഇത്രയും ഒറിജിനാലിറ്റി എനിക്കു ഇന്നേ വരെ കിട്ടിയിട്ടില്ല.
കിരണേ... മാറി പോയി.... എന്നാ... തോന്നുന്നേ. അയ്യെടാ.. നമ്പറ് കണ്ടില്ലേ.

പെണ്‍കുട്ടി said...

ഞാന്‍ ഹെര്‍കുലീസിന്റെ പക്ഷത്താണ്. പാവം ഒരു പത്താം ക്ലാസുകാരനെ ഇങ്ങനെ വിരുതനെന്നും കാപാലികനെന്നും വിളിക്കണോ...അവന്റെ മനസ്സില്‍ മൊട്ടിട്ട ആദ്യ പ്രേമമായിരിക്കും അതു. അതിങ്ങനെ തല്ലിക്കേടുത്തേണ്ടായിരുന്നു. ഒരു പെണ്‍കുട്ടി ഇങ്ങനെയൊക്കെ സംസാരിച്ചപ്പോള്‍ ആണുങ്ങള്‍ ഇങ്ങനെയൊക്കെ വേണം പെരുമാറണമെന്നു അവന്‍ കരുതിക്കാണണം..കുട്ടിയല്ലെ നമുക്കു പൊറുക്കാം...പ്രതിഭക്കു അടിക്കാന്‍ തോന്നിയത് അവന്റെ പെരുമാറ്റം കാരണമാണോ..പ്രതിഭയുടെ പേരും നമ്പരുമാണ് ചോദിച്ചിരുന്നതെങ്കില്‍ അടിക്കുമായിരുന്നോ...അല്ലെങ്കില്‍ കണ്ണുരുട്ടി സംസാരിക്കുമായിരുന്നോ....

കുട്ടന്‍സ്‌ said...

പ്രതിഭേച്ചി,
വൈകിയെത്തിയ വസന്തം..

ഈ പോസ്റ്റ് കാണാന്‍ നുമ്മ എന്തേ ഇത്രേം വൈകീ..കിടു..കിടു തന്നെ..

എന്നാലും അത്രേം അസൂയ നന്നല്ല..നിലവിളക്കിനോടുള്ള ദേക്ഷ്യം തീര്‍ത്ത പോലായി..

kaithamullu - കൈതമുള്ള് said...

പ്രതിഭേ,
ആ ഹെര്‍കുലിസ് കണ്ടയുടനെ തന്നെ, കൂട്ടുകാരിയെപ്പറ്റി ചോദിക്കാതെ ‘കുട്ടിടെ പേരെന്താ, എത്ര ദീസായി ഒന്നൊറ്റക്ക് കിട്ടാന്‍ കാത്തു നില്‍ക്കുന്നൂ‘ എന്നെങ്ങാന്‍ പറഞ്ഞിരുന്നെകിലോ? കംസേകം, ചെരിപ്പ് കാലില്‍ തന്നെ കിടന്നേനെ, ഇല്ലേ? സത്യം പറ.

Pramod.KM said...

പ്രതിഭേച്ചീ...
ആ ഹെറ്ക്കുലീസിന്റെ ഒപ്പമല്ലേ ഇപ്പൊള് കൊറിയയില്‍ വന്ന് വെള്ളമൊക്കെ അടിച്ച് വാള്‍ വെക്കുന്നത്????ഹഹ.

Kalesh said...

കലക്കി!
സൂപ്പര്‍ പോസ്റ്റ്!

ഇനിയും എഴുതൂ.....

Manu said...

പ്ലാസ്റ്റിക് ചെരുപ്പ്...ഹ്ഹൌ‍..#-o
ഗംഗേ നീ എത്ര നല്ലവളാകുന്നു...
പ്രതിഭാസം... സമയം കിട്ടുമ്പോള്‍ ആ ലിങ്കൊന്നു നോക്കണേ.. :)

Manu said...

ഇഷ്ഷ്ഷോ..എന്റെയൊരുകാര്യം ..അടികൊള്ളുന്ന കാര്യം ഓര്‍ത്തിട്ട് വന്നകാര്യം പറയാന്‍ മറന്നു പോയി... പ്ലാസ്റ്റിക് ചെരുപ്പ് എന്നൊക്കെ പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ചാല്‍ പിന്നെന്തു ചെയ്യും... എഴുത്ത് നന്നായിട്ടുണ്ടൂട്ടോ.. കൂടുതല്‍ എഴുതണം.. പണ്ടു ജഗതി പറഞ്ഞതുപോലെ കൂവികൂവി തെളിയട്ട്... ഞങ്ങള്‍ക്ക് ചിരിക്കാല്ലോ...

NE IL007 said...

ഈ കഥയില്‍ പരാമര്‍ശിക്കുന്ന ഹെര്‍ക്കുലീസ് ഞാനാണു! കഥ പകുതി സത്യമാണു. ബാക്കി പകുതി പ്രതി വളച്ചൊടിച്ചു! സത്യത്തില്‍ കൂട്ടുകാരിയെ കുറിച്ചു ചോദിച്ചപ്പോള്‍ പ്രതി എന്നോട് പ്രേമം അഭ്യര്‍ത്ഥിക്കുകയാണുണ്ടായതു.പ്രതി ഒരു പക്ഷേ ഇതു ഡിലീറ്റ് ചെയ്തു കളയുമായിരിക്കും,പക്ഷേ എന്നോട് വെറുപ്പ് തോന്നരുതെന്നൊരപേക്ഷ മാത്രം....

Anonymous said...

നാണമില്ലാത്തവന്റെ ---- ത്തില്‍ ആലു മുളച്ചാല്‍ അതവനൊരു തണലാണെന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ കണ്ടു. പെണ്ണുങ്ങളുടേന്നു തല്ലു കിട്ടിയിട്ടുണ്ടെങ്കില്‍ അതു അവിടേം ഇവിടേം നിന്നു വിളമ്പാതെ, വീട്ടില്‍ പോവാന്‍ നോക്കട ചെക്കാ.

CPIM inquilab sindabad said...

ഇതേ കേരളമാ കേരളം...ഇവിടം ഭരിക്കുന്നത് ജ്യുഡീഷ്യറിയും ഡെമോക്രസിയുമൊന്നുമല്ല...വെട്ടും ,കുത്തും, നല്ല നാടന്‍ തല്ലും,ഗുസ്തിയും ഒക്കെ അറിയാവുന്ന ഞങ്ങള്‍ ചില സി.പി.ഐ.എം കാരാ......ഇവിടെ ബ്ലോഗെന്നും,ബാംഗ്ലൂരെന്നും,അമേരിക്കയെന്നും,എഴുത്തെന്നും,വായനയെന്നും ,അടിയെന്നും, പിടിയെന്നും, കമെന്റെന്നുമൊക്കെ പറഞ്ഞു വന്നു മര്യാദയ്ക്ക് അല്ലെങ്കില്‍ എല്ലാത്തിനെയും മൂക്കില്‍ പഞ്ഞി വെച്ചു കിടത്തി കളയും...ഇത് പറയുന്നതേ പാര്‍ട്ടിക്കാരാ പാര്‍ട്ടിക്കാര്‍..ഞ്ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും.അതോര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത്!

സന്തോഷ് said...

വായിക്കാന്‍ വൈകി. അടിപൊളി. എന്നാലും ഹെര്‍കുലീസിനോട് സഹതാപം. യാതൊരു ബാക്ഗ്രൌണ്ട് ചെക്കും ചെയ്യാതെയാണോ അപരിചിതരായ പെമ്പിള്ളാരോട് മൊട കാണിക്കുന്നത്?

:)

qw_er_ty

തക്കുടു said...

ഇപ്പഴാണു കണ്ടതു !! അടിപൊളി !!

എല്ലാ പോസ്റ്റുകളും ഒന്നിച്ചു വായിച്ചു...എല്ലാം ഒന്നിനെന്നു മെച്ചം.....

ഇതാ ഫേവേര്‍റ്റിസിലേക്കു ചേര്‍ത്തിരിക്കുന്നു....:)

എല്ലാ ആശംസകളും....

വര്‍ത്തമാനം said...

എന്തിനീ നിശബ്ദത...

വീണ്‍‌ടും‌ പുതിയ പോസ്റ്റിനായ് പ്രതീക്ഷകളോടെ...

ഒരായിരം ആരാധകര്‍‌... ക്യൂനില്‍‌ക്കുന്നു...

എഴ്‌ത... എഴ്‌ത...

അനൂപ് അമ്ബലപ്പുഴ. said...

"സൌന്ദര്യം ഒരു ശാപം തന്നെ!!!!" എന്നൊക്കെ മനസ്സില് പറഞ്ഞ് നെഗളിച്ചു നടക്കുന്ന കാലം."
ഓ, അങ്ങനെ ഒരു കാലം നിനക്ക് ഉണ്ടായിരുന്നൊ? ഹാ ഹാ.....

അഭിലാഷ് (ഷാര്‍ജ) said...

നന്നായിട്ടുണ്ട് ട്ടാ... പെണ്‍കുട്ടികള്‍‌ക്കു ചെരുപ്പ് നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു പ്രതിഭാ... എന്നലും തല്ലേണ്ടായിരുന്നു.... പാവം ഹെര്‍ക്കുലീസ്... പിന്നെ, "ഡീ...#%%$^%&^&%$#%$^%#@@%$ (ഇതെന്താന്നു അന്നു മനസ്സിലായില്ലാ...ഭാഗ്യം!) എന്നെഴുതികണ്ടു... ദാറ്റ് മീന്‍സ് ഇപ്പൊ മനസ്സിലായി എന്നല്ലേ... എങ്കില്‍‌ ഒന്നു പറഞ്ഞുതരു പ്ലീസ് ... ഹ ഹ... എന്നാലേ കഥക്കു പൂര്‍ണതയുള്ളൂ..

വിന്‍സ് said...

hahaha... ippol aanu kaanunnathu. nalla rasam.

Vipin M said...

please put which Malayalam font you are using and download link .. so that if don't have can download it ...

സുനില്‍ : എന്റെ ഉപാസന said...

Anti...
kalakkeettooo....
:)

കാര്‍ട്ടൂണിസ്റ്റ് said...

മഹതീ,
സ്വല്പം പേഴ്സണലായിട്ടു പറയുവാ.
എന്റെ സഹോദരന്‍ അവിടുണ്ട്, ഗവേഷണാര്‍ഥം. ചില കൊച്ചു സഹായങ്ങള്‍ വേണ്ടിയിരുന്നു....
മെയില്‍-ഐഡി/മൊബ്.നമ്പ്ര്. ഒന്നു തരുമോ.

നാട്ടിലുള്ള കുറുമന്‍ പറഞ്ഞിട്ടാണെന്നു പറയാന്‍ പറഞ്ഞു എന്നു പറഞ്ഞാല്‍ വല്ല കാര്യവുമുണ്ടോ ?

എഴുത്തിന് ആശംസകള്‍ !

പക്ഷെ, ഉല്‍ക്കണ്ഠപൂര്‍വം,
സജ്ജീവ്
sajjive@gmail.com

shammi said...

മുന്‍പ് വായിച്ചതാണ്. ഇന്നിപ്പോള്‍ ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ കമന്റാതിരികാന്‍ തോന്നുന്നില്ലാ..
ഞാനും പ്രതിഭാസത്തിന്റെ ഫാനായേ...

ശ്രീവല്ലഭന്‍ said...

പ്രതിഭ,
താങ്കളുടെ പോസ്റ്റുകള്‍ ഇന്നാണ് കണ്ടത്. വളരെ നന്നായി എഴുതിയിരിക്കുന്നു.. വീണ്ടും എഴുതുക.

ഉപാസന | Upasana said...

ചേച്ഛി എന്താ പറ്റിയേ..?

ഒന്നും എഴുതുന്നില്ലല്ലോ..?
:-(

ഉപാസന

അഭിലാഷങ്ങള്‍ said...

പ്രതീ, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമോ? അറിയില്ല അല്ലേ?

“കൊടുത്തു കരണം നോക്കി ഒരെണ്ണം... എന്നിട്ടോ?”

എന്നിട്ടെന്താ...... ആ കാര്യം ബ്ലോഗില്‍ എഴുതിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി നാട്ടുകാരീ. ഇന്ന് മാര്‍ച്ച് 16, 2008....!! ഈശ്വരാ, കഴിഞ്ഞ വര്‍ഷം ഞാനൊക്കെ ബ്ലോഗില്‍ വരുന്നതിന് മുന്‍പ് ഇട്ട കമന്റല്ലേ ‘അഭിലാഷ് (ഷാര്‍ജ) said...‘ എന്നും പറഞ്ഞ് മുകളില്‍ കിടക്കുന്നത്! ബെസ്റ്റ്...!! അപ്പോ, ഒരു വര്‍ഷമായി പോസ്റ്റ് എഴുതിയിട്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കാന്‍ വന്നതാ.. ഇന്ന് വീട്ടില്‍ സേമിയ പായസം ഉണ്ടാക്കണേ...

ഓഫ് ടോപ്പിക്കേ :

എന്നോട് നിനക്ക് ചോദിക്കാന്‍ തോന്നും, “നീയും ഒരു വര്‍ഷമായില്ലേ പോസ്റ്റിട്ടിട്ട്?..അധികം വാചമമടിക്കണ്ട..!” എന്ന്. ബു ഹ ഹ.. ഇല്ല ഇല്ല ഇല്ല.. ഒരു വര്‍ഷത്തിന് 4 മാസം ബാക്കിയുണ്ട്...


:-)

Rakesh(Raghu) said...

Orkutil vainokki, sundaramaya oru mugham kandethiyatha...profile thappi nokkiyappl dhe kidakkunu oru blog link...enna pinne vayichituu thanne karyam ennu karuthi...well done unniyarcha...well done... :-)

Anonymous said...

prathi..did u stop blogging..these are soo good..takes me back to good ol days in aluva...
-dev

ജെപി. said...

ഞാന്‍ പ്രതിഭയുടെ ബ്ലോഗിലൂടെ പണ്ട് പണ്ട് കണ്ണോടിച്ചിരുന്നു... ഇങ്ങനെ ഒരു ബ്ലോഗ് എനിക്കും എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു...
എന്നെ മലയാളം കമ്പ്യൂട്ടറില്‍ കൂടി എഴുതാന്‍ പഠിപ്പിച്ച ആദ്യത്തെ നെറ്റ് കൂട്ടുകാരിയാണ് പ്രതിഭ...
സ്വന്തം ബ്ലോഗെന്ന എന്റെ സ്വപ്നം ഇപ്പോള്‍ സാക്ഷാല്‍കരിച്ചിരിക്കുന്നു...
ചിലതൊക്കെ കുത്തിക്കുറിക്കുന്നു...
ദയവായി ഏതെങ്കിലും ഒന്ന് വായിച്ച് കമന്റുകള്‍ ഇട്ട് എന്നെ പ്രോത്സാഹിപ്പിക്കണം...
മോള്‍ക്ക് സുഖമെന്ന് കരുതുന്നു... അങ്കിളിനെ വയസ്സുകാലത്തെ പല അസുഖങ്ങളും ഇപ്പോള്‍...
ഇങ്ങിനെ പലതും ചെയ്ത് അസുഖങ്ങളെ പരമാവധി മറക്കുവാന്‍ ശ്രമിക്കുന്നു...

സ്നേഹത്തോടെ
സ്വന്തം ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍...

jayarajmurukkumpuzha said...

aashamsakal......... blogil puthiya post....... NEW GENERATION CINEMA ENNAAL....... vayikkane..............