Friday, March 16, 2007

കൊടുത്തു കരണം നോക്കി ഒരെണ്ണം... എന്നിട്ടോ????

ജീവിതം കൌമാരതീക്ഷ്ണവും ഹൃദയം ചാപല്യസുരഭിലവുമായിരിക്കുന്ന അസുലഭകാലഘട്ടം.
ഇല അനങ്ങണ ശബ്ദം കേട്ട് ആണൊരുത്തന് തിരിഞ്ഞു നോക്കിയാലും.."ഹൊ! ഇവന്മാര്ക്കൊന്നും വീട്ടില് അമ്മയും പെങ്ങന്മാരുമില്ലേ??? ഈ വായ്നോക്കികളെകൊണ്ടു തോറ്റു. സൌന്ദര്യം ഒരു ശാപം തന്നെ!!!!" എന്നൊക്കെ മനസ്സില് പറഞ്ഞ് നെഗളിച്ചു നടക്കുന്ന കാലം.
യെസ്... ഞാന് അന്ന് പത്താം ക്ലാസ്സില് പഠിക്കുന്നു... അതും സിസ്റ്റര്മാര് നടത്തുന്ന കോണ്‍വന്റ് സ്കൂളില്. ആകെയുണ്ടായിരുന്ന അഞ്ചാറ് ആണ് തരികളേയും ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള് അവിടുന്ന് പറപ്പിച്ചു.

അങ്ങനെ ജീവിതം ഡ്രൈ ആയി പോയ്ക്കോണ്ടിരിക്കുമ്പോള് അതാ വരുന്നു ഓണപ്പരീക്ഷയുടെ മാര്‍ക്കുകള്.
കൊള്ളാം!!! കണക്കിന് അമ്പതില് ഇരുപത്തിച്ചില്ലാനം. കഷ്ടി പാസ്സ്. വീട്ടില് ആകെ ചര്‍ച്ചയായി. ദൈവമേ കണക്ക് ഈ കണക്കിലായാല് എന്താവും നമ്മുടെ കുടുംബത്തിന്റെ റാങ്ക് പ്രതീക്ഷ. അങ്ങനെ കൂലങ്കഷമായി ചിന്തിച്ചതിനു ഫലമായി റാങ്ക് തിരിച്ചു പിടിക്കാന് അമ്മ ഒരു പോംവഴി കണ്ടെത്തി. കണക്കിന് ട്യൂഷനു വിടുക! അതും സ്ഥലത്തെ ഏറ്റവും പേരെടുത്ത കണക്കുടീച്ചറുടെ അടുത്തു തന്നെ.

വൈകുന്നേരം സ്കൂള് വിട്ടു വന്ന്, എംടിവി സെലെക്റ്റും, ബക്ക്രയും ഒക്കെ കണ്ട് ആര്മാദിച്ചു നടന്നിരുന്ന എനിക്ക് ആദ്യം ഈ ട്യൂഷന് ഒരു വയറ്റത്തടിയായി അനുഭവപ്പെട്ടെങ്കിലും, ട്യൂഷന് ക്ലാസ്സില് ഒരു തവണ പോയതോടെ അതൊരു വയറ്റില് പൂമ്പാറ്റകള് പറക്കലായി രൂപാന്തരപ്പെട്ടു. (butterflies in stomach).
ഹായ്, ഏരിയയിലെ 'പൂവന്സ് ഒണ്ലി' ആന്റ് സങ്കര സ്കൂളുകളിലെ കൊള്ളാവുന്ന കുറേ പൂവന്സ് അവിടെ അതാ ഇരുന്ന് കണക്ക് ചെയ്യുന്നു. ട്യൂഷനു ചേരാന് എനിക്ക് നൂറുവട്ടം സമ്മതം. :)
(എന്റെ സമ്മതത്തിന് അവിടെ വല്യ പ്രസക്തിയൊന്നുമില്ല. റാങ്ക് കളയാന് മാതാജി തയ്യാറല്ലല്ലോ!!!)

അങ്ങനെ ഞാനവിടെ കണക്കു പഠിക്കാനെന്നും പറഞ്ഞ് പോയി തുടങ്ങി. അപ്പോളതാ അടുത്ത പാര. എന്റൊപ്പം കണക്കു പഠിക്കാന്, എന്റെ സ്കൂളില് തന്നെ പഠിക്കുന്ന എന്റെ അയല്‍വാസിയും കൂട്ടുകാരിയുമായ ഒരുത്തിക്കു കൂടി ഇന്ററെസ്റ്റ്. അവളെ ഒഴിവാക്കാന് നിവൃത്തിയില്ലാഞ്ഞതുകാരണം ഞങ്ങളൊരുമിച്ചായി ട്യൂഷന് യാത്ര.

ഒള്ളതു ഒള്ളതു പോലെ പറയണമല്ലോ. ആത്മപ്രശംസയല്ലാട്ടോ...അവളുടെ കൂടെ ഞാന് നടന്നാല് വടക്കു നോക്കിയന്ത്രത്തില് ശ്രീനിവാസന്റേയും പാര്‍വതിയുടേയും പടം കണ്ട് ഇന്നസന്റ് പറഞ്ഞപോലെ "നിലവിളക്കിന്റെയടുത്ത് കരിവിളക്ക്" എന്ന അവ്സ്ഥയാണ്. സംശയിക്കണ്ടാ... കരിവിളക്ക് ഈയുള്ളവള് തന്നെ.

ആശാത്തി സ്ഥലത്തെ ഒരു ഗ്ലാമര് താരമാണ്. ഒരു കൊച്ചു സുന്ദരി. പനങ്കുലപോലെ കിടക്കുന്ന കാര്‍ക്കൂന്തല്. സ്കൂളിലേക്ക് രണ്ട് വശവും പിന്നിയിട്ടു പോകുന്ന അവള് ട്യൂഷനുപോകാന് നേരം അതഴിച്ചിടാന് പ്രത്യേകം ശ്രദ്ധിക്കാറുള്ളത് ഞാന് നോട്ട് ചെയ്തിട്ടുണ്ട്. നല്ല വിടര്ന്ന മഷിയെഴുതിയ കണ്ണുകള്, വെയിലേറ്റ് കരുവാളിക്കാത്ത നല്ല പൌഡറിട്ടു മിനുക്കിയ മുഖം, നെറ്റിയില് ഒരു പൊട്ടും കൂടെ ഒരു കുറിയും.
ഞാനാണേലോ, തോളൊപ്പം വെട്ടിയ എണ്ണതൊടാത്ത മുടി, അതു കെട്ടി വെയ്ക്കണേലും എളുപ്പം അഴിച്ചിടലായതു കാരണം അങ്ങനെ പറപ്പിച്ചുവിട്ടുള്ള നടത്തം. കണ്മഷി, പൌഡര്, പൊട്ട് എന്നിവയോടൊക്കെ ഇന്നുള്ളതുപോലെ തന്നെ വിരോധം. അങ്ങനെ എന്റെ പിതാശ്രീയുടെ ഭാഷയില് പറഞ്ഞാല്, ആ ഏരിയയില് പാട്ടപെറുകി നടക്കാറുള്ള പാണ്ടിപ്പെണ്ണുങ്ങള്ക്ക് എന്നേക്കാള് ഗ്ലാമര്!!!

അങ്ങനെ അവളും, അവള്ക്ക് കണ്ണുകിട്ടാതിരിക്കാന് എന്ന പോലെ ഞാനും ട്യൂഷനുപോക്ക് ആരംഭിച്ചു. ട്യൂഷനു പോകാന് രണ്ട് വഴിയുണ്ട്. ഒന്ന് മെയിന് റോഡില് കൂടി വളഞ്ഞു ചുറ്റി. മറ്റേത്, 2 വീടുകളുടെ മതിലുകള്ക്കിടയിലുള്ള ഒരു കുഞ്ഞു ഇടവഴി. ഈ കുഞ്ഞു ഇടവഴിയില് കൂടിപോയാല് ഏതാണ്ട് പത്തുമിനിട്ടോളം ലാഭിക്കാം. അതോണ്ട് യാത്ര ഈ വഴി തന്നെ.
അങ്ങനെ ആഴ്ച ഒന്നു കഴിഞ്ഞപ്പോള് അതാ ഞങ്ങളുടെ ഈ വഴിയില് നില്ക്കുന്നു ഒരു സുന്ദരകളേബരന്. ഞാനവനെ 'ഹെര്ക്കുലീസ്' എന്നു വിളിക്കാന് കാരണം അവന്റെ ലുക്കൊന്നുമല്ലാ കേട്ടോ... മൂപ്പരുടെ കൂടെ എപ്പോഴും 'ലുട്ടാപ്പിക്കു കുന്തം' എന്നപോലെ ഒരു പാട്ട ഹെര്ക്കുലീസ് സൈക്കിള് ഉണ്ടായിരുന്നതു കൊണ്ടാണ്. ഞങ്ങള് പോകുമ്പോള് അങ്ങേരവിടെ നിന്ന് ചില മധുമൊഴികള് പൊഴിക്കും...
"ഏയ്.... ഒന്നു നില്ക്കാവോ? എന്താടോ ഒരു മൈന്ഡുമില്ലാത്തെ, പേരൊന്നു പറഞ്ഞിട്ടുപോടോ..."
ഇതൊക്കെ പഞ്ചാമൃതത്തിലിട്ടു കുതിര്ത്തിയിട്ടാണ് ഇറക്കുക. സംഭവം ഇതൊക്കെ സുന്ദരിയെയാണ് എന്നറിയാമെങ്കിലും പേരെടുത്തു വിളിക്കാത്തതു കാരണം ഞാനും ചുമ്മാ അങ്ങു നെഗളിക്കും. അല്ലാ.. അതിനിപ്പോള് എന്താ ചേതമെന്നേ. അവള്ക്കു വേണ്ടി ഇടയ്ക്ക് ഒന്നു കണ്ണുതൂര്പ്പിച്ചു നോക്കുകയും ചെയ്യും. അവനാകട്ടെ..." ഈ പെങ്കൊച്ചിനിതെന്തുവാ.. ഇവളെ ഇതാരു മൈന്ഡ് ചെയ്തു" എന്നമട്ടില് തിരിച്ചൊരു പുച്ഛനോട്ടവും. പക്ഷെ അതിലൊന്നും ഞാന് കുലുങ്ങിയില്ല.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള് എന്റെ കൂട്ടുകാരി സുന്ദരിക്ക് ഒരു പനി. അവളന്നു വൈകുന്നേരം ട്യൂഷനു വന്നില്ല. ഞാന് ഒറ്റയ്ക്കായി യാത്ര. ട്യൂഷന് കഴിഞ്ഞു തിരിച്ചു വരുമ്പോള് പതിവുപോലെ ദാ നില്ക്കുന്നു വായ്നോക്കി ഹെര്ക്കുലീസ്. ഞാന് മുഖത്തെ നെഗളിപ്പു ഭാവം അല്പം പോലും കുറയ്കാതെ സ്റ്റൈലായിട്ടു നടന്നു.
അവന്റെ മുന്നിലെത്തിയപ്പോള് പതിവിനു വിപരീതമായി "ഷുഗര്ഫ്രീ" ഡയലോഗ്സ്.
"ഡോ... തന്റെ കൂട്ടുകാരിയെന്തിയേ? ആ കുട്ടിക്കെന്തു പറ്റി? തന്നോടല്ലേ ചോദിക്കുന്നേ?"

എന്നേയും, എന്റെ പ്രായത്തേയും, എന്റെ നേരത്തെ പറഞ്ഞ സൌന്ദര്യത്തേയും അല്പം പോലും ബഹുമാനിക്കാത്ത ആ ചോദ്യങ്ങള്ക്കു മുന്നില് എന്റെ അഭിമാനം സടകുടഞ്ഞെണീറ്റു. ഞാന് തലപൊക്കി നല്ല അന്തസ്സായിട്ടു പറഞ്ഞു.... "പറയാനെനിക്കു സൌകര്യമില്ല"
മുന്നോട്ട് നടക്കാന് ഭാവിച്ച എന്റെ മുന്നില് ദാ അവന് അവന്റെ ആക്രിസൈക്കിളെടുത്തു വെച്ചേക്കുന്നു.
"എന്നാല് മോള് സൌകര്യമുണ്ടാക്കിയേച്ചും പോയാല് മതി. ആ കുട്ടിയുടെ പേരും, ഫോണ്നമ്പറും തരാതെ നിന്നെ ഞാന് ഇവിടുന്ന് വിടില്ല കൊച്ചേ."
ദൈവമേ... മിണ്ടാതെ അങ്ങു പോയ്യേച്ചാല് മതിയാരുന്നു. ഇതിപ്പോള് പെട്ടല്ലോ. എങ്കിലും ഞാന് സകല ധൈര്യവും സംഭരിച്ചു പറഞ്ഞു.
" സൈക്കിളെടുത്തു മാറ്റ്. എനിക്കു പോണം."
"ഇന്നു നീ പോണ്ട. ഇവിടെ നിന്നോ. ഞാന് ചോദിച്ചേന്റെ സമാധാനം പറയാതെ നിന്നെ ഇന്നു വിടുന്നില്ല."
നേരമാണേല് ഇരുട്ടി തുടങ്ങുന്നു. ആ വഴിക്കെങ്ങും ഒരു കുഞ്ഞു പോലുമില്ല. മുന്നില് അങ്ങനെ നില്ക്കുവാണ് മീശകുരുത്തു തുടങ്ങിയ പ്രീഡിഗ്രീകാരന് ആണൊരുത്തന്.
എങ്കിലും എന്റ്റ്റെ അഭിമാനം! വീണ്ടും ഞാന് ഗൌരവത്തില്....
"സൈക്കിള് മാറ്റുന്നോ ഇല്ലയോ?"
"ഇല്ലാ... നീ യെന്തു ചെയ്യും???"
"കാലില് ചെരിപ്പാ കിടക്കുന്നേ... മാറ്റിക്കോ വേഗം സൈക്കിള് " (സിനിമകള് മുറയ്ക്ക് കാണുന്ന കാരണം ഡയലോഗ്സിനു യാതൊരു പഞ്ഞമില്ല.)
"ആഹാ... എങ്കില് നീ ചെരിപ്പൊന്നു ഊരിക്കേ... അത്ര ചുണയുണ്ടേല് അതൊന്നു കാണട്ടെ."

(ഇനിയുള്ളത് സ്ലോമോഷനില് വേണം കാണാന്)
എന്നിലതാ വിജയശാന്തിയുടെ ബാധകേറുന്നു. ഞാന് കുനിഞ്ഞ് കാലില് കിടക്കുന്ന പ്ലാസ്റ്റിക് സ്ലിപ്പോണ് ഊരി കൊടുത്തു ഹെര്ക്കുലീസിന്റെ കരണം നോക്കി ഒരെണ്ണം!!!
എന്നെ സമ്മതിക്കണം.... ഇപ്പോഴും ആ രംഗം ഓറ്ക്കുമ്പോള് കുളിരു കോരും. എന്റെ അടി വാങ്ങി മുഖം പൊത്തി അന്തിച്ചു നില്ക്കുന്ന ഹെര്ക്കുലീസ്. ഹൊ.... വെല്ഡണ് മൈ ഡിയര് ഗേള് വെല്ഡണ്!!! യു റിയലി ആര് വണ് ഉണ്ണിയാര്‍ച്ച !!!
:
:
:
:
:
:
:
ഇനിയുള്ളത് ഫാസ്റ്റ് ഫോര് വേഡ് ചെയ്തോ....
എന്റെ മനസ്സാക്ഷിയെ ബോധിപ്പിക്കാനായിട്ട് എഴുതുന്നു എന്നു മാത്രം.
അടികൊടുത്തതും ബാധയൊഴിഞ്ഞു. വിജയശാന്തിയില്ലാതെ ഞാന് ദാ ഒറ്റയ്ക്ക്. എന്റമ്മോ..... അവന്റെ സൈക്കിളും തള്ളിമാറ്റി ഞാന് ജീവനും കൊണ്ട് ഒരോട്ടം. ഓടുന്നതിനിടയില് അവന് വിളിച്ചു പറഞ്ഞത് വളരെ വ്യക്തമായി തന്നെ കേട്ടു...
"ഡീ...#%%$^%&^&%$#%$^%#@@%$ (ഇതെന്താന്നു അന്നു മനസ്സിലായില്ലാ...ഭാഗ്യം!) നിനക്കു ഞാന് വെച്ചിട്ടുണ്ടെടീ.. ഈ ആലുവയില് തന്നെ കാണുമല്ലോ നീ... പന്ന#$$^%^&^&^$%^#!!!!!"

വീടെത്തി എന്റെ മുറിയില് കേറി വാതിലടച്ചിരുന്നിട്ടും പിന്നില് "ഹെര്ക്കുലീസ്" സൈക്കിളില് മണിയടിച്ചു തെറിവിളിയോടേ വരുന്നതു ഞാന് കണ്ടു... അന്നും... അതിനു ശേഷമുള്ള ഒരുപാട് ദിവസങ്ങളിലും...


------


തുടര്‍ന്ന് ഉണ്ണിയാര്‍ച്ചയില് വന്നു ചേര്‍ന്ന മാറ്റങ്ങള്!
  • ആ ഇടവഴി അതിനുശേഷം ഇന്നുവരെ കണ്ടിട്ടില്ല.
  • ഒരാഴ്ച ട്യൂഷനു പോയില്ല. (ഒടുവില് ട്യൂഷനുപോകണമെങ്കില് ഓട്ടോയ്ക്കുള്ള പൈസ തരണമെന്ന് വീട്ടില് വാശിപിടിച്ച് ഓട്ടോയില് മെയിന് റോഡിലൂടേ മാത്രമാക്കി യാത്ര. )
  • ആലുവയില് വല്ല നിവൃത്തിയുമുണ്ടേല് ഇറങ്ങില്ല. (ഇറങ്ങണമെങ്കില് അച്ഛന് കാറെടുക്കണം. എങ്കില് തന്നെ പിന്നിലത്തെ സീറ്റില് ചില്ലു പൊക്കിയിട്ട് കുനിഞ്ഞിരുന്നായി യാത്ര.)
  • സിനിമക്കൊ മറ്റോ പുറത്തുപോയാല് അമ്മയുടെ സാരിത്തുമ്പില് മുഖം മറച്ചു നടക്കാന് പ്രത്യേകം ശ്രദ്ധിച്ചു.
  • കാണുന്ന പയ്യന്മാരിലെല്ലാം ഹെര്‍ക്കുലീസിനെ കണ്ടുതുടങ്ങി.

ഓഫ് ടോപിക്:
ഹെര്‍ക്കുലീസേ, താങ്ങളെങ്ങാനും ഈ ബ്ലോഗ് വായിക്കുവാണേല്... മുഖത്തിനു കേടുപാടുകളെന്തെങ്കിലും സംഭവിച്ചോ എന്നൊന്നു കമന്റിടണേ...(പ്ലാസ്റ്റിക് ചെരുപ്പോണ്ട് കൈ വീശി ഒരെണ്ണം മോന്തയ്ക്ക് കിട്ടിയാല് എന്തായിരിക്കും സംഭവിക്കുക???) സംഭവിച്ചെങ്കില്.. അതിനു കാരണം താങ്ങളുടെ കയ്യിലിരിപ്പു മാത്രമാകുന്നു!!!
ദാറ്റ്സ് ഓള് യുവര് ഓണര്!!!

Tuesday, January 16, 2007

ചോറ്റാനിക്കരയമ്മാകടാക്ഷം


"ശ്ശോ വേണ്ടാരുന്നു! ഒരു കാര്യവുമില്ലാതെ വെറുതേ......" ഈ സംഭവത്തെ ക്കുറിച്ചോറ്ക്കുമ്പോള് എനിക്കിപ്പോഴും തോന്നുന്നത് ഇതേ വികാരമാണ്. ആാാാ... വിനാശ കാലേ വിപരീതബുദ്ധി!

പയ്യന്നൂരുള്ള അച്ഛന്റെ വീട്ടിലേക്ക് പോകാന്‍ എനിക്കു വല്യ ഇഷ്ടായിരുന്നു. അതിനുള്ള പ്രധാന കാരണം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയ്ന്‍ യാത്രയാണ്. കൊല്ലത്തില് ഒരിക്കല് മാത്രം കിട്ടുന്ന സുവറ്ണ്ണാവസരം. പോകാനുള്ള പ്ലാന്‍ ഇടുമ്പോഴേ ഞാന്‍ എന്റെ കണ്ടീഷന്‍ സമറ്പ്പിക്കും. സൈഡ്-സീറ്റ് എനിക്കുവേണം.( ഈ സൈഡ്-സീറ്റിനോട് എനിക്ക് വല്ലാത്ത ഒരു ആക്രാന്തമുണ്ടായിരുന്നു! )

ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഓണാവധി കഴിഞ്ഞ് തിരിച്ചു ആലുവയ്ക്കു പുറപ്പെടുന്നതിനു മുമ്പ് എന്റെ അച്ഛമ്മ എന്നെയും അനിയത്തിയേയും ഉഴിഞ്ഞിടുവായിരുന്നു. അതിന്റെ ഇടയിലാണ് ഞങ്ങള്‍ക്ക് സ്റ്റേഷനിലേക്ക് പോകാനുള്ള കാര്‍ വന്നത്. കാറിന്റെ ഒച്ചകേട്ടതും ഞാനോടി. (അവിടെ എന്നോട് സൈഡ്സീറ്റിനുവേണ്ടി മത്സരിക്കാന് ആരുമില്ലായിരുന്നു. ഓടിയത് എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.) ഉഴിഞ്ഞുതീരും മുന്നേ ഞാനോടിയതു കാരണം അച്ചമ്മയുടെ മുഖം കടന്നലു കുത്തിയതു പോലായി. കൂട്ടത്തില് അമ്മയുടെയും. കാറില്‍ കേറിയതും അമ്മ എന്നോട് ചെവിയില് ഇപ്രകാരം പറഞ്ഞു."നിനക്കുള്ളതു വീടെത്തിയിട്ട് തന്നേക്കാംട്ടോ." കുറ്റം അറിയാമായിരുന്നതു കൊണ്ട് ഞാനൊന്ന്നും മിണ്ടിയില്ല. ആലുവ എത്തുമ്പോഴേക്കും അമ്മയിതു മറക്കണേ എന്നു മാത്രം മനമുരുകി പ്രാറ്ത്ഥിച്ചു.

അങ്ങനെ സ്റ്റേഷനിലെത്തി, ട്രെയ്ന്‍ വന്നു, ഞാന് ചാടി കേറി എന്റെ സീറ്റ് നമ്പറ് കണ്ടു പിടിച്ചു. നമ്പറില്‍ നിന്നും സീറ്റിലേക്കു നോക്കിയ ഞാന്‍ ഞെട്ടിപോയി. വേറൊന്നുമല്ല. എന്റെ സീറ്റില്‍ വേറൊരു ചേച്ചി ഇരിക്കുന്നു. ആ സീറ്റിന്റെ ഉടമയായ എന്നെ ഒന്നു മൈന്റ് പോലും ചെയ്യാതെ പുറത്തേക്കു നോക്കി വല്യ ഗൌരവത്തില്‍ ഇരിപ്പാണ് ആശാത്തി.

"ചേച്ചി, ഈ സീറ്റ് എന്റ്റെയാട്ടോ" ഞാന്‍ പറഞ്ഞു.

ഇത്തവണ ആശാത്തി എന്നെ തിരിഞ്ഞൊന്നു നോക്കി. പക്ഷെ മാറാനുള്ള ഉദ്ദേശമൊന്നുമില്ല. എന്റെ അഭിമാനത്തില് ഒരു പോറല്‍ വീണു. ഞാന് ദയനീയ ഭാവത്തില് തിരിഞ്ഞമ്മയെ നോക്കി. അമ്മ എനിക്കു വേണ്ടി ചെറുതായൊന്നു ശുപാറ്ശ ചെയ്തു.

"ഈ സീറ്റ് ഞങ്ങള് റിസേവ് ചെയ്തതാണ്ട്ടോ". ( അമ്മയും ചമ്മി. തിരിഞ്ഞുപോലും നോക്കിയില്ല ഇത്തവണ)

വല്യ കാര്യായിപോയി. ഇതല്ലേ ഞാനും പറഞ്ഞത്. അല്ലേലും ഈ അമ്മയ്ക്ക് എന്നെ വിരട്ടാന്‍ മാത്രേ അറിയൂ. അനീതിക്കെതിരെ ഇത്തിരി കൂടി ശബ്ദമൊന്നുയറ്ത്തിയാലെന്താ. അച്ഛനാണേല് സാധനമൊക്കെ എടുത്തു വയ്ക്കുന്നതിന്റെ തിരക്കിലും. തല്ക്കാലം ഞാന് നോക്കിയിട്ട് എനിക്കു നീതി ലഭിക്കാനുള്ള യാതൊരു ചാന്‍സും കാണുന്നില്ല.

ഇപ്പറഞ്ഞചേച്ചിയുടെ നേരെ ഓപ്പോസിറ്റ് സീറ്റില്‍ ഒരാന്റി ഉറങ്ങിതൂങ്ങുന്നു. ആ ആന്റിയുടെ അടുത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു. എനിക്കു നേരെ ഓപ്പോസിറ്റ് ആ ചേച്ചിയുടെ അടുത്ത് അമ്മയും. സ്റ്റേഷനില്‍ നിന്നു വാങ്ങിയ വനിത യില് അങ്ങു മുങ്ങിക്കിടക്കുവാണ് അമ്മ.

ബോറടി സഹിക്കാതെ കിട്ടിയ ഒരു മാഗസീനില് ഞാനും മുങ്ങി. എപ്പോഴോ ഞാന് ആ ചേച്ചിയെ ഒന്നറിയാതെ നോക്കിപോയി.
എന്റമ്മോ... പുള്ളിക്കാരി എന്നെതന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു. 'ആഹ... എന്റെ സീറ്റിലിരുന്നതും പോരാ.. എന്നെ നോക്കി കണ്ണുരുട്ടുന്നോ?' ഞാനും വിട്ടില്ല. മാഗസീന്‍ അല്പമൊന്നു പൊക്കി അമ്മ കാണാതെ ഞാനും ആശാത്തിയെ നോക്കിയൊന്നു കണ്ണുരുട്ടാന്‍ നോക്കി. ഉരുട്ടിയിട്ടൊരു എഫക്റ്റ് പോരെന്നു തോന്നിയപ്പോള്‍ ഞാന് കണ്ണൊന്നു കൂറ്പ്പിച്ച് എന്നെക്കൊണ്ടാവുന്ന പോലെ രൂക്ഷമായൊന്നു നോക്കി.
പെട്ടെന്ന് പുള്ളിക്കാരി ഒരു ചിരി. അയ്യേ.. ഞാന് ചമ്മി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. 'എനിക്കു ചിരി ഒന്നും വരുന്നില്ല' എന്ന മട്ടില്‍ ഞാന് ഗൌരവം വിടാതെ, രൂക്ഷത കുറയ്ക്കാതെ പല്ലുകൂടി ഒന്ന് ഞെരിച്ചു നോക്കികൊണ്ടിരുന്നു. പുള്ളിക്കാരിയുമങ്ങ് ഗൌരവത്തോടെ എന്നെ നോക്കി ചില ചേഷ്ടകള്.
കൊള്ളാം എന്റെ ബോറടി കുറച്ചു മാറുന്നുണ്ട്. ഞാനും അത്യാവശ്യം ഗോഷ്ടികളൊക്കെ കാണിച്ചു തുടങ്ങി. ഏകദേശം ഒരു 10 മിനിട്ട് ഈ കലാപരിപാടി തുടറ്ന്നു.

പെട്ടെന്ന് എന്നേയും ആ ക്യാബിനിലുണ്ടായ ബാക്കി ഉള്ളവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈ ചേച്ചി ചാടി എണീറ്റ് എന്റെ പൂ പോലെ ലോലമായ കപോലങ്ങളില്‍ ആഞ്ഞൊരടി..."ഠപ്പോ".
എന്നിട്ട് തിരിച്ചു പോയി സീറ്റീലിരുന്നു പുറത്തേക്കു നോക്കുന്നു.

ഒരു മിനിറ്റ് എല്ലാവരും ഒന്നു ഞെട്ടി. ഒരു മിനിറ്റ് കഴിഞ്ഞിട്ടും എല്ലാവറ്ക്കും ഞെട്ടിയിരിക്കാന്‍ തന്നെയാണ് താല്പര്യമെന്നു തോന്നിയിട്ടോ എന്തൊ...ഞാന്‍ ഒറ്റ കരച്ചില്‍. അതേറ്റു. അച്ഛനില്‍ ഒരു സിംഹവും അമ്മയില്‍ ഒരു സിംഹിയും സടകുടഞ്ഞെണീറ്റു. ബാക്കി സഹയാത്രികരും രംഗത്തെത്തി.
ആരൊക്കെയോ എന്നെ നോക്കി "ദൈവമേ... ഈ കൊച്ചിന്റെ മുഖം കണ്ടോ?" "എന്തുപോലൊരു അടിയാരുന്നു." "എന്നിട്ടവളിരിക്കുന്ന കണ്ടില്ലേ." "പിടിച്ചു പുറത്താക്കണം" എന്നൊക്കെ പല അഭിപ്രായങ്ങളും പറഞ്ഞു.

അപ്പുറത്തെ ക്യാബിനിലിരുന്നവരും “ഇവിടെയാരാ പ്ലാസ്റ്റിക് കവറ് ഊതിവീര്‍പ്പിച്ചു പൊട്ടിച്ചേ”എന്ന് ചോദിച്ചോണ്ടു വന്നു. എല്ലാവരും ചീത്ത പറഞ്ഞിട്ടും ആ ചേച്ചിക്ക് യാതൊരു കൂസലുമില്ല.

ഒടുവില്‍ അച്ഛന്‍ പോയി ടി.ടി.ഇ.യെ കൂട്ടീട്ടു വന്നു. അങ്ങേരു വന്ന് അടുത്ത സ്റ്റേഷനില്‍ ഇറക്കി വിടുമെന്നൊക്കെ പറഞ്ഞപ്പോള്‍ ‍എന്റെ അടുത്തു ഉറക്കം തൂങ്ങിയിരുന്ന ആന്റി പയ്യെ ഇത്രയും പറഞ്ഞു.
"ന്റെ മോളാ. സുഖോല്യ. ചോറ്റാനിക്കരയില്‍ ഭജനയിരിത്താന് കൊണ്ടൊവ്വാ..."

അത്രയും നേരം ചീറി കൊണ്ടു നിന്നവരൊക്കെ തണുത്തു. ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ്! എല്ലാവരുടേയും മുഖത്ത് സിമ്പതി കളിയാടി. എന്റെ മുഖത്തും അതേ ഭാവമായിരുന്നു. പക്ഷെ അത് "സെല്ഫ് സിമ്പതി" ആയിരുന്നു എന്നു മാത്രം! (എന്റെ തരളകപോലങ്ങള്ക്ക് ഈ ട്രെയ്നില്‍ യാതൊരു വിലയുമില്ലേ?)

"ഭ്രാന്താ...വെറുതെയല്ലാ അടിക്കിത്ര ഊക്ക്. ആ കൊച്ചിന്റെ മോന്ത കണ്ടോ ചളുങ്ങിയിരിക്കുന്നേ" എന്ന് കൂടി ആരോ പറഞ്ഞു.
എന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ നോക്കി അമ്മ സാന്ത്വനവാക്കുകള്‍ പൊഴിഞ്ഞു "ഉഴിഞ്ഞിടത്തു നിന്നോടിയപ്പോളേ നിനക്കൊന്നു ഞാനോങ്ങി വച്ചിരുന്നതാ... അതിപ്പോ ഇങ്ങനെ ടാലിയായി." (ആശ്വാസം ഇനി ആ ഒരു പേടി വേറെ വേണ്ടല്ലോ)

മാഗസീന്‍ കൊണ്ട് മുഖം മറച്ചപ്പോള് ഞാന് ശ്രദ്ധിക്കാതിരുന്ന ഒരാള്.. ഒരു പീക്കിരി.. ഒരശു... ഈ അവസരത്തില്‍ ഇത്ര കൂടി ചേര്‍ത്തു..."മ്മേ മ്മേ... ചേച്ചി ആ ചേച്ചിയെ നോക്കി കുറേ കോക്കിരീം കാനിച്ചു. നാന്‍ കന്റതാ"

"അപ്പോ നീ ഇത് ഇരന്നു വാങ്ങിച്ചതാ" എന്നു അച്ഛനും! പൂറ്ത്തിയായി.

അന്നു രാത്രി ഉറങ്ങാതെ അടുത്ത അടി എപ്പോ കിട്ടുമെന്നു പേടിച്ച് ഞാന് കണ്‍മിഴിച്ചിരുന്നു. ആലുവ സ്റ്റേഷനില് ഞങ്ങളിറങ്ങി വണ്ടി സ്റ്റേഷന് വിട്ടപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്.

വീടെത്തിയപ്പോള്‍ എന്റെ നീലിച്ച് വീറ്ത്ത കവിളുനോക്കി അമ്മുമ്മ ചോദിച്ചു.."അയ്യോ.. മോള്ടെ മുഖത്തിനിതെന്തു പറ്റി?"
അമ്മയാണ് മറുപടിയോതിയത്.."ഓ ഒന്നുമില്ലമ്മേ. ചോറ്റാനിക്കരയമ്മ ഒന്നു കടാക്ഷിച്ചതാ."


വാല്‍ക്കഷ്ണം:
അതിനു ശേഷം ഇന്നും ട്രെയിനില്‍ എന്നല്ല ഫ്ലൈറ്റില്‍ പോലും എന്റെ സീറ്റില്‍ ആരേലുമിരുന്നാല്‍ ഞാന്‍ യാതൊരു പരാതിയുമില്ലാതെ വേണേല്‍ നിന്നു പോകാനും തയാറണെന്ന ആറ്റിറ്റ്യൂഡിലെത്തി ചേറ്ന്നു.

Tuesday, December 19, 2006

എന്റെ മദ്യാന്വേഷണ പരീക്ഷണങ്ങള്

അബദ്ധം എന്നു വിളിക്കണോ? വേണ്ടാ! കയ്യിലിരുപ്പിന്റെ കൂടുതല് കൊണ്ടു സംഭവിച്ച ഒരു പറ്റ് എന്നു വേണേല് വിളിക്കാം. എന്റെ വീട്ടുകാരാരെങ്കിലും ഈ ബ്ലോഗ്കണ്ടാല്‍ എനിക്കൊന്നുമില്ല. അവരുടെ മുന്നില് എനിക്കു നഷ്ടപ്പെടാന് യാതൊന്നുമില്ലല്ലോ. പക്ഷെ എന്റെ കണവന്റെ കുടുംബക്കാര്!!! അവരില് ആരെങ്കിലും ഈ പോസ്റ്റ് കണ്ടാല് തകരുന്നത്; 2 കൊല്ലം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത എന്റെ ഇമേജാണ്. ഈശ്വരാ....
എന്നാലും ഞാനിതങ്ങ് സമര്പ്പിക്കുവാണ്.

പണ്ടേ വെള്ളമടിച്ച് ഷോ ഇറക്കുന്നവരെ എനിക്ക് പരമ പുച്ഛമായിരുന്നു. വല്ലതും പറയാനുണ്ടേല് അതു പച്ചയ്ക്ക് പറയാന് ധൈര്യമില്ലാതെ ഇച്ചിരി മോന്തിയേച്ചും വന്ന് "വെള്ളത്തിന്റെ പുറത്ത്" ഡയലോഗ്സ് ഇറക്കുന്നവരേ കണ്ടാല് എനിക്കങ്ങോട്ട് അരിച്ചു കേറും. കോളേജില് വെള്ളമടിച്ചു പാമ്പ് കളിക്കുന്ന ചെക്കന്മാരോടും ഇതേ ആറ്റിറ്റ്യൂഡ് ആയിരുന്നു. അതിനു കാരണം എന്താണെന്നൊ? എത്ര കഴിച്ചാലും ഒരു കുഞ്ഞു പോലും അതറിയാതെ മാനേജ് ചെയ്ത് നടക്കറുള്ള എന്റെ പിതാശ്രീയോടുള്ള വീരാരാധന തന്നെ.

അങ്ങനെ കല്യാണമൊക്കെ കഴിഞ്ഞ് ഞാനും എന്റെ കണവനും ഭാരതമണ്ണ് വിട്ട് പുതിയ മേച്ചില്പുറങ്ങള് തേടി ഇങ്ങു കിഴക്ക് കൊറിയയിലെത്തിയ കാലം. ഞങ്ങള്ക്ക് ചുറ്റും ആണുങ്ങളും പെണ്ണുങ്ങളും ദിവസേന "അയ്യപ്പബൈജു" (മൂപ്പരെ അറിയുമല്ലോ ല്ലേ? സ്ഥിരം വെള്ളമടിച്ച പോലെ അഭിനയിക്കുന്ന വിദ്വാന്) കളിച്ചു നടക്കുവാണ്. വീണ്ടും ഞാന് പറഞ്ഞു. "കിക്കാത്രെ കിക്ക്. വെറും ജാഡ."
ഈ 'കിക്ക്' എന്നു പറയുന്ന സംഭവം എന്താണെന്ന് എനിക്ക് വിവരിച്ചു തരാന് എന്റെ കണവന് ആകുന്നത് ശ്രമിച്ചു. ഇല്ല.. ഞാന് അപ്പോഴും പറഞ്ഞു.."ചുമ്മാതാ... ഇതൊക്കെ ഒരു ഷോ യാ.. ഞാന് വേണേല് കുടിച്ചു കാണിച്ചു തരാം. എന്നിട്ട് പയറു പോലെ നടക്കം.. എന്താ കാണണോ?" വെല്ലുവിളിച്ചത് ഒരു മൂച്ചിനാണേലും അതൊന്നു പരീഷിക്കാന് തന്നെ ഒടുവില് ഞങ്ങള് തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച്ച നല്ല ദിവസം നോക്കി ഒരു കുപ്പി വോഡ്ക വാങ്ങി. കൂടെ മിക്സ് ചെയ്യാന് ഒരു ബോട്ടില് സ്പ്രൈറ്റും. 'ടച്ചിങ്ങ്സ്' എന്തു വാങ്ങും എന്ന എന്റെ കാഷ്വല് ചോദ്യത്തില് കണവന് ഒന്നു ഞെട്ടിയോ? ഒടുവില് കുറച്ച് സ്പൈസി ചിപ്സ് ഒക്കെ വാങ്ങി ഞങ്ങള് വീട്ടിലേക്കു പോന്നു.
കന്നി അടി. സെറ്റപ്പക്കാന് തന്നെ ഞാന് തീരുമാനിച്ചു. റൂമില് ഒരു മെഴുകിതിരി ഒക്കെ കത്തിച്ച് 2 ക്രിസ്റ്റല് ഗ്ലാസ്സൊക്കെ എടുത്ത് ട്ച്ചിങ്ങ്സ് ഒക്കെ സെറ്റ് ചെയ്ത് നല്ലൊരു ആംബിയന്സ് ഉണ്ടാക്കി. എക്സ്പീരിയന്സ്ഡ് ആണെന്ന ഭാവത്തില് നമ്മുടെ കണവന് ആദ്യം 2 ക്രിസ്റ്റല് ഗ്ലാസ്സിലും (ഗ്ലാസ്സ് ക്രിസ്റ്റല് ആണ്. അതിനി എപ്പോഴും പറയില്ല.ഓറ്ത്തുവെച്ചേക്കണം) അളവൊക്കെ നോക്കി ഒരോ പെഗ് ഒഴിച്ചു. സ്പ്രൈറ്റ് മിക്സ് ചെയ്തു. "ചിയേഴ്സ്" പറഞ്ഞ് ആദ്യ കവിള് കുടിച്ചു. എന്റെ മുഖം കഷായം കുടിച്ച മാതിരി ആയി. അയ്യേ!!! ഒരു വൃത്തികെട്ട ടേസ്റ്റ്. എനിക്കിഷ്ടപ്പെട്ടില്ല.(കുടിയന്മാരേ ക്ഷമിക്കൂ... മാപ്പുതരൂ...) എങ്കിലും അതു പുറത്ത് കാണിക്കരുതല്ലോ. 2ഉം കല്പ്പിച്ചങ്ങു കുടിച്ചു. പിന്നെയും ഒഴിച്ചു പിന്നേയും കുടിച്ചു. 2 പേരും കൂടി ഈ കുടി തുടര്ന്നാല് ശരിയാകില്ലെന്നു കണ്ട എന്റെ കണവന് 2-ആമത്തെ കഴിഞ്ഞതും ആയുധം വെച്ചു പിന്മാറി. പുവറ് ബോയ്!!!
പക്ഷെ കിക്കെന്താണെന്നറിയാതെ ഞാനെങ്ങനെ പിന്മാറും. ഞാനേ എന്റെ അച്ഛന്റെ മോളാ. അങ്ങനെ കണവന്‍ കാഴ്ച്ചക്കാരനും ഞാന് അഭ്യാസിയുമായി. അടി പുരോഗമിച്ചു. ഞാന് നല്ല സ്റ്റെഡി. "നിനക്ക് നിന്റെ അച്ഛന്റെ കപാസിറ്റി തന്നെയാ" ആരാധനയോടെ കണവന് എന്നെ പ്രോത്സാഹിപ്പിച്ചു. "കണ്ടാ... ഞാന് പറഞ്ഞില്ലേ... ഇതു പാരമ്പര്യാ..." എന്നും പറഞ്ഞ് ഞാന് വീണ്ടും കുടിച്ചു. ഈശ്വരാ.. ഈ കിക്ക് എന്താണെന്നെ കടാക്ഷിക്കാത്തത്?? എനിക്കല്പം നിരാശ തോന്നാതിരുന്നില്ല.
അപ്പൊ നമ്മുടെ കണവന് അടുത്ത പുത്തി പറഞ്ഞു."ഡ്രൈ ആയി ട്രൈ ചെയ്താലോ?" ഓക്കെ. ഡ്രൈ എങ്കില് ഡ്രൈ!! അവസാനം സ്പ്രൈറ്റിന്റെ സഹായവും വെടിഞ്ഞ് ഞാന് കിക്കന്വേഷിച്ച് ഡ്രൈ അടിക്കലായി. നത്തിങ്ങ് ഹാപ്പെന്ഡ്!! ഒന്നെണീറ്റ് നടന്നാലോ. വേച്ചു പോകുവോന്നറിയാലോ. എണീറ്റ് നടന്നു. വീണ്ടും ഞാന് എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടും നിരാശപ്പെടുത്തിക്കൊണ്ടും സ്ട്രേയ്റ്റായിട്ടു നടന്നു പോയി തിരിച്ചു വന്നിരുന്നു. കണവന്റെ കണ്ണുകളില് അരാധനയുടെ പൂച്ചെണ്ടുകള് വീണ്ടും വിടര്ന്നു നിന്നു. അവസാന ഗ്ലാസ്സ് ഡ്രൈ കൂടി വന്നതും കുപ്പി കാലി. വോഡ്കയേയും ഇത്രയും നാള് ഷോ കാണിച്ചവരേയുമൊക്കെ പുച്ഛിച്ചു കൊണ്ട് ഞാന് ഒരു റേസ് ഓടി തീര്ക്കുന്ന ആവേശത്തില് ആ അവസാന ഗ്ലാസ്സും കാലിയാക്കി.
ഹ ഹ ഹ.."എവിടേ കിക്ക്?" എന്ന് ആക്രോശിച്ച് ഞാന് കുടിച്ച ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചതിന് ഒരല്പം ശക്തി കൂടിയോ??? ഉവ്വ്!!! ഐസ് ഏജില് മഞ്ഞുമലയില് വിള്ളല് വീഴും പോലെ ഒരു ശബ്ദം കേള്പ്പിച്ച് ക്രിസ്റ്റല് ഗ്ലാസ്സില് ഒരു വിള്ളല്. കണവന്റെ മുഖത്ത് ഒരു വളിച്ച പുഞ്ചിരി.

തലയ്ക്കൊരു ഭാരം. ഇടത്തോട്ട് ഒന്നു ചെറുതായി ചെരിക്കുമ്പോഴേക്കും കഴുത്തില് നിന്ന് കണക്ഷന് പോയതു പോലെ "ഡും" എന്നും പറഞ്ഞ് തലയങ്ങു വീഴും. സംഭവം അത്ര പന്തിയല്ലേ? ഇതു വരെ മെയിന്റേന് ചെയ്ത എന്റെ പിതാശ്രീയുടെ പേര് കളയരുതല്ലോ. ഞാന് പയ്യെ ഷോ അവസാനിപ്പിച്ച് ബെഡ്ഡിലോട്ട് ചാഞ്ഞു. ചത്ത പോലെ ഒരു 2 മണി വരെ ഉറങ്ങി. പാവം കണവന് അപ്പോഴും വിശ്വാസം വരാത്തപോലെ ഒഴിഞ്ഞ കുപ്പിയേയും എന്നേയും നോക്കി നില്ക്കുവാരുന്നു. "ദൈവമേ... ഇവളൊരു പുലിക്കുട്ടി തന്നെ! ഒരു കുപ്പി വോഡ്ക കുടിച്ചിട്ടുള്ള കിടപ്പു കണ്ടോ" എന്ന മട്ടില്.

ഒരു 2 മണിയായപ്പോള് ഞാന് ചാടിയിറങ്ങി ഓടി. യെസ്!!! എന്റെ കന്നി വാള്. എന്റെ വൃത്തിയില് കണവന്‍ അദ്ഭുതപ്പെട്ടു. എവിടെയുമാക്കാതെ കൃത്യമായി വാളു വെച്ച് ഞാന് തന്നെ ഒക്കെ ക്ലീനാക്കി ഡീസെന്റായി തിരിച്ചു വന്നു കിടന്നില്ല അതിനു മുന്നേ അടുത്ത ഓട്ടം. അങ്ങനെ കൃത്യമായി പറഞ്ഞാല് വെളുപ്പിനെ 6 മണി വരെ 22 വാള്. ഏതു കളരിഗുരുക്കളേയും തോല്പ്പിക്കുന്ന പ്രകടനം. ഒടുവില് വിത്ത് കളറ് എഫ്ഫെക്റ്റ്സ്. അതായതു വിത്ത് ചോര. കൂട്ട് പ്രതിക്ക് വെപ്രാളമായി. എനിക്കതില്ലല്ലൊ. കാരണം..... "ഞാന് ഫിറ്റല്ലേ"!!!! അന്നു ഞാനാകെ പറഞ്ഞത്..."പ്രജിത്തേ.. ഞാന് പൂസായേ" എന്നു മാത്രമാണെന്ന് പിറ്റേന്ന് അദ്ദേഹം റിപ്പോട്ടും സമര്പ്പിച്ചു.

കൂടുതല് എന്തു പറയാന് "കിക്ക്" അന്വേഷിച്ചു ഇറങ്ങിയ ഞാന് കിട്ടിയ കിക്കിന്റെ ആഘാതത്തില് 3-4 ദിവസം വെള്ളം പോലുമിറക്കാനാവാത്ത അവസ്ഥയിലായി. വീട്ടില് വിളിച്ച് പിതാശ്രീക്ക് ഒരു അനുമോദനം കൊടുക്കാഞ്ഞിട്ട് ആകെ ഒരു വൈക്ലബ്യം! ഉടനെ കറക്കി ഐ.എസ്.ഡി! "അച്ഛാ അങ്ങൊരു സംഭവമാണ്" എന്ന് പറഞ്ഞുകൊണ്ട് ഞാനെന്റെ മദ്യാന്വേഷണ പരീക്ഷണം അറിയിച്ചു. കഥ യൊക്കെ കേട്ടിട്ട് എന്റെ പിതാശ്രീ ഇപ്രകാരം അരുള് ചെയ്തു... "ഇനി മേലില് നിന്നേ കൊണ്ടാവാത്ത പണിക്കു നീ പോകരുത്. ഇനി അഥവാ അടിച്ചാല്, അതു വയറ്റില് കിടക്കണം. അല്ലാതെ വാള് വെച്ച് അച്ഛന്റെ മാനം കളയരുത്" . അതിനു ശേഷം മദ്യത്തിന്റെ "മ" കേട്ടാല് ഞാനോടും. മാത്രമോ..വെള്ളമടിച്ചു ഷോ കാണിച്ചു നടക്കുന്നവരോട് പൊടിക്ക് അരാധനയും, വാളു വെയ്ക്കുന്നവരോട് കടുത്ത സഹതാപവും എന്നിലുളവായതും ഞാനറിഞ്ഞു.